ioc-indane

കൊച്ചി: പാചകവാതക വിതരണരംഗത്ത് വിസകനത്തിനും സുരക്ഷയ്ക്കും മുൻതൂക്കവുമായി മികവിന്റെ തിളക്കത്തോടെ ഉയർന്നുനിൽക്കുകയാണ് ഉദയംപേരൂരിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ഇൻഡേൻ എൽ.പി.ജി ബോട്ട്‌ലിംഗ് പ്ളാന്റ്.

ഫയർ വാട്ടർ നെറ്റ്‌വർക്കിന്റെ സംരക്ഷണത്തിലാണ് പ്ളാന്റ്. നിർണായക പോയിന്റുകളിൽ ഫയർ ഹൈഡ്രന്റ് മോണിറ്ററുകളുണ്ട്. ഫയർ വാട്ടർ ശൃംഖലയിൽ രണ്ട് ടാങ്കറുകൾക്കുള്ളത് പതിനായിരം കിലോലിറ്റർ ശേഷി.

വാതക ചോർച്ചയുണ്ടായാൽ കണ്ടുപിടിക്കാനും തടയാനും ഒട്ടേറെ സെൻസറുകളോടുകൂടിയ ഗ്യാസ് മോണിട്ടറിംഗ് സംവിധാനവും മികവാണ്.

50.7%

കേരളത്തിൽ ഇൻഡേനിന്റെ വിപണി വിഹിതം 50.7 ശതമാനമാണ്. ഉപഭോക്താക്കൾ 52.3 ലക്ഷം. 347 ഏജൻസികളുടെ വിതരണ ശൃംഖലയാണുള്ളത്. ഉദയംപേരൂർ (കൊച്ചി), ചേളാരി (കോഴിക്കോട്), കൊല്ലം ബോട്ട്‌ലിംഗ് പ്ലാന്റുകളിൽ നിന്നാണ് കേരളത്തിന് സിലിണ്ടർ ലഭിക്കുന്നത്.

സവിശേഷതകൾ

ഉദയംപേരൂർ പ്ലാന്റ് 1993ൽ കമ്മിഷൻ ചെയ്തു. 79 ഏക്കറിൽ സ്ഥിതി ചെയ്യുന്നു. 4,350 മെട്രിക് ടണ്ണാണ് സംഭരണശേഷി. പ്രതിദിനം 50,000 സിലിണ്ടറുകൾ നിറയ്ക്കാം. പ്രതിവർഷ ബോട്ട്‌ലിംഗ് ശേഷി 2,10,000 മെട്രിക് ടൺ.

പാചകവാതകത്തിന്റെ വഴി

ബി.പി.സി.എൽ-ഐ.ഒ.സി സംയുക്തസംരംഭമായ കൊച്ചി-സേലം പൈപ്പ്‌ലൈൻ കമ്പനിവഴിയാണ് ഉദയംപേരൂർ പ്ളാന്റിൽ എൽ.പി.ജി ബൾക്ക് പ്രൊഡക്ട് എത്തുന്നത്. മംഗലാപുരം റിഫൈനറിയിൽ നിന്ന് റോഡ് മാർഗവും വരുന്നു.

ഉദയംപേരൂരിൽ നിന്ന് 150ലേറെ വിതരണക്കാർ വഴിയാണ് എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സിലിണ്ടറുകൾ എത്തിക്കുന്നത്. വീട്ടാവശ്യത്തിനുള്ള 14.2 കിലോയ്ക്ക് പുറമേ 5 കിലോ, 19 കിലോ, 47.5 കിലോ, എക്‌സ്ട്രാ തേജ് 19 കിലോ, വ്യാവസായികാവശ്യത്തിനുള്ള നാനോ കട്ട് സിലിണ്ടറുകൾ എന്നിവയും ഇവിടെ ലഭ്യമാണ്.