കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവം 19ന് കൊടിയേറി 26ന് ആറാട്ടോടുകൂടി സമാപിക്കും. 17, 18 തീയതികളിൽ ദ്രവ്യകലശവും 19ന് ബ്രഹ്മകലശ അഭിഷേകവും നടക്കും. തുടർന്ന് ശീവേലിയോടെ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തിന് തുടക്കംകുറിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മേളപ്രമാണി മാരായ ചെറുശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ. പെരുവനം പ്രകാശൻ മാരാർ, ആർ.എൽ.വി മഹേഷ്‌കുമാർ , പെരുവനം ശങ്കരനാരായണമാരാർ എന്നിവരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും അരങ്ങേറും. 17ന് മേയർ അഡ്വ.എം. അനിൽകുമാർ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. കൗൺസിലർമാരായ മിനി ആർ മേനോൻ. ശശികല സുകുമാരൻ എന്നിവർ ഉത്സവത്തോടനുബന്ധിച്ചുള്ള പുസ്തകം പ്രകാശിപ്പിക്കും.
ഉത്സവബലി ദിവസമായ 24ന് നിയന്ത്രണങ്ങൾക്ക് വിധേയമായി ഭക്തജനങ്ങൾക്ക് ദർശനത്തിന് സൗകര്യമൊരുക്കും. ഉത്സവ ചടങ്ങുകൾക്കും ശീവേലിക്കും ഗജവീരന്മാരായ തിരുവമ്പാടി ചന്ദ്രശേഖരൻ, പുതുപ്പള്ളി കേശവൻ, മധുരപ്പുറം കണ്ണൻ, അന്നമനട ഉമാമഹേശ്വരൻ എന്നിവർ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കും, പകൽപ്പൂരം ദിവസമായ 25ന് ദർബാർഹാൾ റോഡിൽ നിന്നുള്ള എഴുന്നള്ളത്തിന് ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തിലുള്ള മേജർസെറ്റ് പഞ്ചവാദ്യവും പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും ആറാട്ട് ദിവസം ചോറ്റാനിക്കര നന്ദൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യവും ഉണ്ടാകും. തായമ്പക കലാകാരന്മാരായ പോരുർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെടയുള്ള തായമ്പകൾ ക്ഷേത്രമതിൽക്കകത്ത് അരങ്ങേറും. കഥകളി, ഓട്ടൻതുള്ളൽ, കൂത്ത്, പറയൻതുള്ളൽ, സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസന്ധ്യ എന്നീ കലാപരിപാടികളുമുണ്ട്.
19ന് രാത്രി 8ന് നടക്കുന്ന ചടങ്ങിൽ എറണാകുളത്തപ്പൻ പുരസ്‌കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ഉത്സവദിവസങ്ങളിൽ ദർശനത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്ര ക്ഷേമസമിതിയും കൊച്ചിൻ ദേവസ്വം ബോർഡും ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്താവൂ എന്ന് പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, ദേവസ്വം ഓഫീസർ എ ആർ. രാജീവ് എന്നിവർ അറിയിച്ചു