കാലടി: തിരുവൈരാണിക്കുളത്ത് ശ്രീപാർവതീദേവിയുടെ തിരുനട അടച്ചതോടെ 12 ദിവസം നീണ്ട നടതുറപ്പ് മഹോത്സവം സമാപിച്ചു. നടതുറക്കുന്നതിനുള്ളപ്രത്യേക ആചാരക്രമങ്ങളോടെതന്നെയാണ് നട അടയ്ക്കുന്നതും. ശ്രീമഹാദേവന്റെ നടയിലെ നിവേദ്യത്തിനുശേഷം പാട്ടുപുരയിൽ നിന്നു ശ്രീപാർവതീദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ അംഗങ്ങളും ഉത്സവനടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളും പാർവതീദേവിയുടെ ഇഷ്ടതോഴിയായി സങ്കൽപ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മയും നടയ്ക്കൽ എത്തിയശേഷം എല്ലാവരും തൃക്കൺപാർത്തു കഴിഞ്ഞുവോ' എന്നു ബ്രാഹ്മണിഅമ്മ വിളിച്ചുചോദിച്ചു. സമുദായം തിരുമേനി 'ഉവ്വ്' എന്നു മൂന്നുവട്ടം വിളിച്ചറിയിക്കുകയും തുടർന്നു 'നട അടപ്പിച്ചോട്ടേ' എന്നു വീണ്ടും ബ്രാഹ്മണിഅമ്മ അനുവാദം ചോദിക്കുകയും 'അടപ്പിച്ചാലും' എന്നു സമുദായം തിരുമേനി മറുപടി നൽകുകയും ചെയ്തു. തുടർന്ന് ബ്രാഹ്മണിഅമ്മ 'നട അടച്ചാലും' എന്നു വിളിച്ചറിയിച്ചതോടെ മേൽശാന്തി ദേവിയുടെ നട അടച്ചിറങ്ങി.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ആഘോഷം. ഇന്നലെ ക്ഷേത്രം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവിടെ നടപ്പാക്കിയിട്ടുള്ള ആരോഗ്യസുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ചു. ദർശനത്തിന് അവസരം ലഭിക്കാത്ത ഭക്തർക്ക് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും വഴിപാടുകൾ ബുക്ക് ചെയ്തു നടത്താൻ സൗകര്യം ഒരുക്കിയതും ഏറെ സ്വീകാര്യത നേടിയിരുന്നു.
2021 ഡിസംബർ 19ന് നടക്കുന്ന അടുത്ത നടതുറപ്പിന് ഓൺലൈൻ സംവിധാനം കൂടുതൽ വിപുലമാക്കാനാണ് ക്ഷേത്ര ട്രസ്റ്റ് ആലോചിക്കുന്നത്.