religion
തിരുവൈരാണിക്കുളം ശ്രീപാർവതി ദേവി ക്ഷേത്രത്തിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിൽഗ്രീം സെന്ററിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുന്നു. ക്ഷേത്രം സെക്രട്ടറി പ്രസൂൺകുമാർ തുടങ്ങിയവർ സമീപം

കാലടി: തിരുവൈരാണിക്കുളത്തെ പിൽഗ്രിം ടൂറിസം ആൻഡ് അമിനിറ്റി സെന്റർ നിർമ്മാണം ഫെബ്രുവരി 28 നകം പൂർത്തിയാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ മന്ത്രി വിവിധ സർക്കാർ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും ഉണർന്നു പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടതുറപ്പ് മഹോത്സവം സംഘടിപ്പിക്കുന്നതിന് ക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയ സംവിധാനങ്ങളെ മന്ത്രി പ്രശംസിച്ചു.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് തീർത്ഥയാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് തിരുവൈരാണിക്കുളത്ത് പിൽഗ്രിം ടൂറിസം ആൻഡ് അമിനിറ്റി സെന്റർ നിർമ്മിക്കുന്നത്. ഡോർമെറ്ററി, അന്നദാന മണ്ഡപം തുടങ്ങി തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിനു സമീപം സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 2020 ജനുവരി 19ന് മന്ത്രി കടകംപള്ളി സരേന്ദ്രൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിനായി ടൂറിസം വകുപ്പ് നാലു കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു ഇടത്താവളമാവും.