കൊച്ചി: വൈറ്റിലയും കുണ്ടന്നൂരും കടന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ഇനി മണിക്കൂറോളം ബ്ലോക്കിൽ കിടക്കേണ്ട. ജില്ലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം, വൈറ്റില, കുണ്ടന്നൂർ ഫ്ലൈഓവറുകൾ ഒടുവിൽ യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഫ്ലൈഓവറുകൾ തുറന്നുകൊടുത്തതും പിന്നാലെ ഉയർന്ന വിവാദവും അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കെയാണ് ഇന്നലെ ഇരു പാലങ്ങളും നാടിന് സമർപ്പിച്ചത്. പ്രൗഢിയൊട്ടും കുറെയാതെയായിരുന്നു ഉദ്ഘാടനം. വൈറ്റില ഫ്ലൈഓവറിന് താഴെ ഒരുക്കിയ വേദിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ജില്ലയുടെ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം സന്നിഹിതരായിരുന്നു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഫ്ലൈഓവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിവർവഹിച്ചത്.
കുണ്ടന്നൂർ, വൈറ്റില ഫ്ലൈ ഓവറുകൾ ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഫ്ലൈഓവറുകൾ ടോൾരഹിത യാത്ര സാദ്ധ്യമാകും. വൈറ്റില ഫ്ലൈഓവർ യാഥാർത്ഥ്യമായതോടെ ദേശീയപാത 66ൽ ആലുവ ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇരുപാലങ്ങളും നിർമിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാദ്ധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമ്മിച്ചത്. ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട് ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു.
ഫ്ലൈഓവറുകഴുടെ നിർമാണം അതീവ വൈദദ്ധ്യത്തോടെ പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിർമാണ വൈദ്ധ്യത്തിൽ രാജ്യത്തെ മറ്റ് ഏജൻസികളെക്കാൾ പിന്നിലല്ല പൊതുമരാമത്ത് വകുപ്പെന്ന് ഈ പാലം തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മികവോടെ വികസനം പൂർത്തിയാക്കിയതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടം മാത്രമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നവരെയും പിന്തുണച്ചവരെയും അദ്ദേഹം വിമർശിച്ചു.അതേസമം ഫ്ലൈഓവറുകൾ തുറന്ന് കൊടുത്തതിന് പിന്നാലെ കൂറ്റൻ വാഹനങ്ങളടക്കം കടന്നുപോയത് ആരോപണങ്ങളുടെ മുനയൊടിച്ചു. കുരുക്കിൽ നിന്നും മോചനം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാർ. നിരവധി ബൈക്ക് യാത്രികൾ വാഹനം ഒതുക്കി നിർത്തി സെൽഫിയെടുത്ത ശേഷമാണ് കടന്നുപോയത്.