കൊച്ചി: വൈറ്റില ഫ്ലൈ ഓവറിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന നിർമ്മാണ കാലത്തെ വ്യാജപ്രചരണത്തെ പൊളിച്ചടുക്കി മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം വൈറലായി.
വൈറ്റില ഫ്ലൈഓവറിൽ മെട്രോ ഗർഡറിന് താഴെ ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഈ രീതിയിൽ നിർമാണം പൂർത്തിയായാൽ ഉയരം കൂടിയ വാഹനങ്ങൾ കുനിഞ്ഞ് പോകേണ്ടി വരുമെന്ന ആക്ഷേപമാണ് അന്ന് നിർമ്മാണ കാലത്ത് ചില വിമർശകർ ഉയർത്തിയത്. ഇതിനുള്ള മറുപടിയാണ് ഒറ്റ ചിത്രത്തിലൂടെ മുഖ്യമന്ത്രി നൽകിയതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചത്.
അന്നത്തെ ആക്ഷേപം
നിർമ്മാണകാലത്ത് വാഹനത്തിനുള്ളിൽ ഇരുന്ന് ചിത്രീകരിച്ച ചിത്രമാണ് അന്ന് വിവാദമായത്. വാഹനത്തിലിരുന്നെടുത്ത ചിത്രം പാലവും മെട്രോ വയഡക്ടും വളരെ അടുത്തായി തോന്നുന്ന രീതിയിലായിരുന്നു. പൊതുമരാമത്ത് വകുപ്പ് അന്ന് ഇതിന് വിശദീകരണം നൽകിയിരുന്നു.
ഫ്ലൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റർ ഉയരവ്യത്യാസമുണ്ട്. കേന്ദ്ര റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് മന്ത്രാലയം, ദേശീയപാത അതോറിറ്റി ഉൾപ്പെടെ എല്ലാവരും അംഗീകരിച്ചതാണിത്. നിയമവിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. ഉയരം കൂടിയ ലോറി, ട്രക്കുകൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ ഫ്ലൈഓവറിലൂടെ കടന്നുപോകാം. എന്നിട്ടും ചിലർ ആക്ഷേപം ചൊരിയുകയായിരുന്നു.