കൊച്ചി : ഡോളർകടത്തു കേസിൽ നിയമസഭാ സ്‌പീക്കറെ ചോദ്യംചെയ്യുന്ന കാര്യത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഇന്നലെ കസ്റ്റംസിന് നിയമോപദേശം കൈമാറി. കസ്റ്റംസ് നിയമപ്രകാരം സ്പീക്കറെ ചോദ്യംചെയ്യാൻ തടസങ്ങളില്ലെന്നാണ് നിയമോപദേശമെന്ന് സൂചനയുണ്ട്. തുടർനടപടികൾ വേണ്ടിവന്നാൽ കൂടുതൽ നടപടിക്രമങ്ങൾ വേണ്ടിവരുമെന്നും അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.
വിദേശത്തേക്ക് 1.90 കോടി ഡോളർ കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്നയും സരിത്തും സ്പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ മൊഴി നൽകിയിരുന്നു. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റിലെത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്നാണ് ഇവരുടെ മൊഴി. ഇതിന്റെ നിജസ്ഥിതി അറിയാനാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യംചെയ്തത്. അയ്യപ്പനെ ചോദ്യംചെയ്യാൻ രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. മാത്രമല്ല സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയതിന് നിയമസഭാ സെക്രട്ടറി കസ്റ്റംസിനോടു വിശദീകരണം തേടിയിരുന്നു. ചോദ്യംചെയ്യലിന് മുൻകൂർ അനുമതി വേണമെന്നും നിയമസഭാ ജീവനക്കാർക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നുമായിരുന്നു നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.
എന്നാൽ നിയമപ്രകാരമുള്ള പ്രത്യേകസംരക്ഷണം കുറ്റവാളികളെ സംരക്ഷിക്കാനോ അന്വേഷണ ഏജൻസിയിൽനിന്ന് സുപ്രധാന വിവരങ്ങൾ ഒളിപ്പിക്കാനോ അല്ലെന്ന് കസ്റ്റംസ് മറുപടി നൽകി. പിന്നീട് നൽകിയ നോട്ടീസിലാണ് അയ്യപ്പൻ ചോദ്യംചെയ്യലിന് ഹാജരായത്. അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ സെക്രട്ടറി വിശദീകരണം തേടിയ സാഹചര്യത്തിലാണ് സ്പീക്കറിൽനിന്ന് മൊഴിയെടുക്കാൻ നിയമതടസമുണ്ടോയെന്ന് കസ്റ്റംസ് നിയമോപദേശം തേടിയത്.