കൊച്ചി: നഗരത്തിലെ മുഴുവൻ ഭവനരഹിതർക്കും വീട് നിർമിക്കുവാൻ സഹായം നൽകുമെന്ന് മേയർ അഡ്വ. എം. അനിൽ കുമാർ പറഞ്ഞു.

പള്ളുരുത്തി ഇ.കെ. നാരായണൻ സ്‌ക്വയറിൽ നടന്ന പി.എം.എ.വൈ. ലൈഫ് മിഷൻ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കുടിശിക വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ആവാസ് യോജനപദ്ധതി പ്രകാരം വീട് നിർമിക്കുന്നതിനായി 2.5 ലക്ഷംരൂപ കേന്ദ്ര -സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുക്തമായും 50,000 രൂപ ഗുണഭോക്തൃവിഹിതവും ചേർത്താണ് 3 ലക്ഷം രൂപ യൂണിറ്റ് തുകയായി കണക്കാക്കിയിരുന്നത്. പിന്നീട് സംസ്ഥാന സർക്കാർ പ്രഖാപിച്ച ലൈഫ് മിഷൻ ഭവന നിർമ്മാണ ധനസഹായ പദ്ധതിയുമായി കൂട്ടി ചേർത്തതോടു കൂടി ഒരു വീടിന് 4 ലക്ഷംരൂപയായി ഉയർത്തി. ഗുണഭോക്തൃ വിഹിതം ഒഴിവാക്കുകയും ചെയ്തു. മുൻകാലനപ്രാബല്യം തീരുമാനിച്ചതുകൊണ്ടാണ് ആദ്യഘട്ടത്തിൽ ധനസഹായം ലഭിച്ചവർക്കും ഇപ്പോൾ കുടിശിക സംഖ്യ നൽകാനായത്.
പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് പ്രഥമ പരിഗണനയെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കുക എന്നതിലേക്കാണ് നഗരസഭ മുന്നോട്ടു പോകുന്നതെന്നും കുടുംബശ്രീ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മേയർ പറഞ്ഞു. 21ാം ഡിവിഷൻ കൗൺസിലർ സി.ആർ. സുധീർ അദ്ധ്യക്ഷനായി.
ഡെപ്യൂട്ടി മേയർ കെ. എ. അൻസിയ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ വി.എ. ശ്രീജിത്ത്, അഡ്വ. പി.എസ്. വിജു, സോണി കെ. ഫ്രാൻസിസ് , പി.ആർ. രചന, അഡ്വ. അശ്വതി വത്സൻ, ജീജ ടെൻസൺ, രഞ്ജിത്ത് മാസ്റ്റർ, ലൈദാസ് എന്നിവരും പി.എം.എ.വൈ., യു.പി.എ.ഡി. ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചി വെസ്റ്റ് സി.ഡി.എസ്. ചെയർപേഴ്‌സൺ ജാൻസി ജോസഫ് സ്വാഗതവും നിത നന്ദിയും പറഞ്ഞു.