കൊച്ചി: ജനങ്ങളെ ഒന്നിച്ചുനിറുത്തി വികസനത്തിനുള്ള സാദ്ധ്യതകൾ സൃഷ്ടിച്ചാൽ ചൈനയെപ്പോലെ ഇന്ത്യയ്ക്കും സാമ്പത്തികമുന്നേറ്റം നേടാനാവുമെന്ന് നെതർലാൻഡിലെ മുൻ അംബാസഡർ വേണു രാജാമണി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രഭാഷണ പരമ്പരയിൽ 'ഇന്ത്യയുടെ ദൂതനായി ലോകത്തിൽ അടയാളം തീർത്തപ്പോൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെയും ചൈനയുടേയും ആധുനിക രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രം വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും നേട്ടങ്ങൾ സംഭരിക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇവ രണ്ടിന്റേയും കുറവുകളുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ സാമ്പത്തിക മുന്നേറ്റം ചൈനയ്ക്ക് സാധിച്ചു. ഇന്ത്യയെ എക്കാലവും പ്രായോഗികരീതികളിലൂടെ മാത്രം കാണാൻ ചൈന ശ്രമിച്ചപ്പോൾ ഇന്ത്യ വൈകാരിക തലത്തിലാണ് എടുത്തത്.
ഇന്ത്യയുമായി കൂടുതൽ മികച്ച ബന്ധം സൂക്ഷിക്കാനുള്ള താത്പര്യമാണ് ഗൾഫ് രാജ്യങ്ങൾ പ്രകടിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളേക്കാൾ കൂടുതൽ അവർ ഇന്ത്യയെ ആനന്ദപ്രദവും സുഖപ്രദവുമായ രാജ്യമായാണ് കാണുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചൈനയുടേയും ഇന്ത്യയുടേതുമാണെന്നാണ് പാശ്ചാത്യരാജ്യങ്ങൾ പോലും പറയുന്നത്. പാശ്ചാത്യരുടെ കാഴ്ചപ്പാടുകൾ മാറിയത് കണ്ട് ഗൾഫിലെ യുവതലമുറയുടെ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം മാറുന്നുണ്ട്.
യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചെടുത്തത് ഇന്ത്യക്കാരുടെ കൂടെ സഹായത്തോടെയാണ്. അതിന്റെ ബന്ധവും കടപ്പാടും ഗൾഫ് രാജ്യങ്ങൾ ഇന്ത്യയോടും ഇന്ത്യക്കാരോടും കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.