dilmart

കൊച്ചി: കൊവിഡ് കാലത്ത് ജോലി നഷ്ടവും ശമ്പളക്കുറവും മൂലം തിരിച്ചെത്തിയ ഗൾഫ് മലയാളികളുടെ കൂട്ടായ്‌മയിൽ പിറന്നത് മത്സ്യമാംസ സ്റ്റോറുകളടെ ശൃംഖല. ആറ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന 30 മലയാളികളാണ് പ്രതിസന്ധിയെ അവസരമാക്കിയത്.ഒരേസമയം ജീവനക്കാരും സംരംകരുമായി ആരംഭിച്ച ദിൽമാർട്ട് എന്ന സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമൺ, കൊല്ലം കുണ്ടറ, തിരുവനന്തപുരം വർക്കല എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുറന്നു. മൂന്നു മാസത്തിനകം 15 സ്റ്റോറുകൾ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടർമാരായ സിറിൽ ആന്റണിയും അനിൽ കെ. പ്രസാദും പറഞ്ഞു.

കൊച്ചി വരാപ്പുഴയാണ് ആസ്ഥാനം. മുനമ്പം, വൈപ്പിൻ, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ തുറമുഖങ്ങളിൽ നിന്നാണ് സംഭരിക്കുന്നത്. ഫാമുകളിൽ കൂടുകൃഷിയും നടത്തുന്നുണ്ട്.ഇന്ത്യൻ കോഫീ ഹൗസ് മാതൃകയിൽ 30 ഓഹരിയുടമകളും ജോലിയും ചെയ്യുന്നു. ഗൾഫിലെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികളാണ് ഓരോരുത്തരും ചെയ്യുന്നത്.ഗൾഫിൽ ജോലി ചെയ്തിരുന്ന ഇവർ തമ്മിൽ മുൻപരിചയമില്ല. സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചത്. സുഹൃത്തുക്കൾ വഴിയും സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് കൂട്ടായ്‌മ രൂപപ്പെട്ടത്. സിറിൽ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് തുടക്കം. ഒരു മാസത്തിനകം വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ കറിമസാലകൾ, പച്ചക്കറികൾ, ഫ്രൂട്‌സ് എന്നിവ കൂടി ഉൾപ്പെടുത്തുമെന്ന് അവർ പറഞ്ഞു.