alfa

കൊച്ചി: നിമിഷങ്ങൾക്കൊണ്ട് നാല് പടുകൂറ്റൻ ഫ്ളാറ്റ് സമുച്ചയങ്ങൾ തകർത്ത് മൺകൂനയാക്കി മാറ്റിയതിന് ഇന്ന് ഒരു വർഷം തികയും. മരട് നഗരസഭാ പരിധിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് ജലാശയങ്ങളോട് ചേർന്ന് നിർമ്മിച്ച ഫ്ളാറ്റുകളാണ് സുപ്രീം കോടതിവിധി പ്രകാരം സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാര വിതരണം ഉൾപ്പെടെ നടപടികൾ അവശേഷിക്കുന്നു.2020 ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്ഫോടനം വഴി തകർത്തത്. അവശിഷ്ടങ്ങൾ നീക്കിയ സ്ഥലം ഉടമകൾക്ക് നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല.ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകിയെങ്കിലും അന്തിമ നഷ്ടപരിഹാരം നിശ്ചയിച്ചിട്ടില്ല. ഇതിനായി 143 അപേക്ഷകളാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷന് ലഭിച്ചത്. ആധാരവും കരാറുമുള്ളവർക്കായിരുന്നു നഷ്ടപരിഹാരം. ഉടമ മരിച്ച ഫ്ളാറ്റിനും നിർമ്മാതാക്കളുടെ ബന്ധുക്കളുടെ ഫ്ളാറ്റിനും നഷ്ടപരിഹാരം നൽകിയില്ല. അഞ്ചു മുതൽ രണ്ടുവരെ ഫ്ളാറ്റുണ്ടായിരുന്നവർക്ക് ഒരു ഫ്ളാറ്റിന്റെ താല്ക്കാലിക നഷ്ടപരിഹാരം മാത്രമാണ് നൽകിയത്. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരമായിരിക്കും വിതരണം പൂർത്തിയാക്കുക.

ഉടമകൾ നിർമ്മാതാക്കൾക്ക് 110 കോടി രൂപ വിലയായി നൽകിയെന്നാണ് കമ്മിഷന് ലഭിച്ച രേഖകൾ. ഇതു തിരിച്ചു നൽകാനും ആദ്യഘട്ടമായി 20 കോടി കൈമാറാനും നിർമ്മാതാക്കളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്ളാറ്റുകൾ വിറ്റഴിച്ച് പണം നൽകാമെന്നാണ് രണ്ട് നിർമ്മാതാക്കൾ കമ്മിഷനെ അറിയിച്ചത്.

പൊളിച്ച ഫ്ളാറ്റുകൾ

ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ

നിലകൾ: 18

ഫ്‌ളാറ്റുകൾ: 90

താമസക്കാർ: 47

ഗോൾഡൻ കായലോരം

നിലകൾ: 16

ഫ്‌ളാറ്റുകൾ: 40

താമസക്കാർ: 40

ജെയിൻ കോറൽ കോവ്

നിലകൾ: 16

ഫ്‌ളാറ്റുകൾ: 125

താമസക്കാർ: 20

ആൽഫ സെറീൻ

നിലകൾ: 16

ഫ്‌ളാറ്റുകൾ : 73

താമസക്കാർ : 52

നൽകിയ നഷ്ടപരിഹാരം : 62.25 കോടി

പൊളിക്കൽ ചെലവ് : 3.24 കോടി

അവശിഷ്ടത്തിന് ലഭിച്ച തുക: 35 ലക്ഷം

നിർമ്മാതാക്കൾ നൽകിയത്

കെ.പി. വർക്കി കൺസ്ട്രക്ഷൻസ് : 2.8 കോടി

ജെയിൻ ഹൗസിംഗ് : 2 കോടി

ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സ് : നൽകിയില്ല

ആൽഫ വെഞ്ച്വേഴ്സ് : നൽകിയില്ല