police

കൊച്ചി: ഗപ്പിമീനുകൾ തീരെ നിസാരക്കാരല്ല. പൊലീസിൽ പോലും വലിയ സ്വാധീനമുള്ളവരാണ് ഈ കുഞ്ഞന്മാർ. അത് നേരിട്ടു ബോദ്ധ്യമാകണമെങ്കിൽ ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിൽ ചെല്ലണം. അവിടെ ഇൻസ്പെക്ടറുടെ മേശപ്പുറത്താണ് ഗപ്പിക്കൂട്ടങ്ങളുടെ സ്ഥാനം. അഞ്ച് ചെറിയ അക്വേറിയങ്ങളിൽ നീന്തിത്തുടിക്കുന്ന നിരവധി വർണമത്സ്യക്കുഞ്ഞുങ്ങൾ ഇവിടുത്തെ പൊലീസുകാരുടെയെല്ലാം ഓമനകളാണ്. ജോലിത്തിരക്കുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുന്നതിൽ ഗപ്പികൂട്ടങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പി. മനുരാജ് പറയുന്നത്.

വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിലെ മാനസിക സമ്മർദ്ദം വിവരണാതീതമാണ്. അത്തരം പിരിമുറുക്കങ്ങളിലൊക്കെ അല്പനേരം ഗപ്പികളുടെ ഭംഗിയും ജലകേളികളും നോക്കിയിരുന്നാൽ മനസിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ ഉരുകിപ്പോകും. ജോലിഭാരം കൊണ്ട് ഏറെ വീർപ്പുമുട്ടനുഭവിച്ച കൊവിഡ് കാലത്ത് നിരവധി സന്ദർഭങ്ങളിൽ ഗപ്പിയുടെ സാമിപ്യം ആശ്വാസമായിട്ടുണ്ടെന്ന് മനുരാജ് പറയുന്നു. വാസസ്ഥലം ഇൻസ്പെക്ടറുടെ മേശപ്പുറമായതുകൊണ്ട് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ഓമനകളായാണ് ഗപ്പിക്കുട്ടന്മാർ വളരുന്നത്. പക്ഷിമൃഗാദികളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇൻസ്പെക്ടർ. ഔദ്യോഗിക വസതിയിൽ ലൗബേർഡ്സും അക്വേറിയവുമുണ്ട്. ഇതിന് പുറമെയാണ് സ്റ്റേഷനിലും അവർക്ക് വാസസ്ഥലമൊരുക്കിയത്. ഓഫീസിൽ ഉള്ളപ്പോഴൊക്കെ മീനുകളെ പരിചരിക്കുന്നതും തീറ്റനൽകുന്നതുമൊക്കെ മനുരാജിന് ഹരമാണ്. മണിപ്ലാന്റ് ഉൾപ്പെടെ ഒരുഡസനോളം സസ്യങ്ങൾക്കും ഇദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ ഇടംനൽകിയിട്ടുണ്ട്. ഫോർട്ടുകൊച്ചി സ്റ്റേഷനിൽ മാത്രമല്ല, മേലുദ്യോഗസ്ഥനായ മട്ടാഞ്ചേരി എ.സി.പി ജി.ഡി. വിജയകുമാറിന്റെ ഓഫീസിലും ഗപ്പിക്കൂട്ടങ്ങൾക്ക് കൂടൊരുക്കിയിട്ടുണ്ട്.

ഫോർട്ടുകൊച്ചി സ്റ്റേഷനിലെ പൊലീസുകാരുടെ മൃഗസ്നേഹം മുതലെടുക്കാൻ ഗവാസ്കർ എന്നൊരു തെരുവുനായയുമുണ്ട്. മൂന്നുവർഷം മുമ്പൊരു ദിവസം യാദൃശ്ചികമായി കടന്നുവന്ന നായ്ക്കുട്ടിയ്ക്ക് പൊലീസുകാരാണ് ഗവാസ്കർ എന്ന് പേരിട്ടത്. അന്നുമുതൽ അവനും ഇവിടുത്തെ സേവകനാണ്. ആവലാതികളുമായി വരുന്നവരോട് സൗമ്യമായും അലങ്കോലമാക്കാൻ വരുന്നവരെ നിലയ്ക്കുനിറുത്താനും അറിയാവുന്നവനാണ് ഗവാസ്കർ. കേരള പൊലീസിൽ ധീരതയുടെ പര്യായപദയമാണ് 'ഗവാസ്കർ' എന്നവാക്ക്. മേലുദ്യോഗസ്ഥന്റെ മകളുടെ അതിക്രമത്തിനെതിരെ പൊരുതിയ പൊലീസുകാരന്റെ പേരാണത്.