കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പതിനാലാം വാർഡ് കുറിഞ്ഞിയിൽ സ്ഥിതി ചെയ്യുന്ന വട്ടേക്കാട്ട് മല കോളനിയിൽ ദിവസങ്ങളായി കുടിവെള്ളമില്ല. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനി നിവാസികൾക്ക് അര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പള്ളിക്കച്ചിറയിൽ നിന്നാണ് വർഷങ്ങളായി കുടിവെള്ളം എത്തുന്നത്. ഭൂരിഭാഗം എസ്.സി, എസ്.ടി വിഭാഗത്തിലുള്ള കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മാറി മാറി വരുന്ന ഭരണ സമിതികൾ കുടിവെളള പ്രശ്‌ന പരിഹാരത്തിന് താല്ക്കാലീകമായി എന്തെങ്കിലും ചെയ്യുന്നു എന്നുള്ളതല്ലാതെ ശാശ്വത പരിഹാരത്തിനായി വഴികൾ കണ്ടെത്താറില്ല. വർഷങ്ങളായി തുടരുന്ന കുടിവെള്ള പദ്ധതിയിൽ കാലക്രമേണ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ദിവസം രണ്ട് നേരമായി പള്ളിക്കച്ചിറയിൽ നിന്നും എട്ട് മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് കോളനിയിൽ സ്ഥിതി ചെയ്യുന്ന ടാങ്കിലേക്ക് വെള്ളമെത്തുന്നത്. കോളനിയിൽ കുടിവെള്ള ശേഖരണത്തിന് ഓരോ ഭാഗത്തുള്ളവർക്കും നിശ്ചിത സമയം അനുവദിച്ചിരിക്കുന്നത്. ഇത് തന്നെ പലപ്പോഴും പ്രദേശിക പ്രശ്‌നങ്ങളിലേക്ക് എത്താറുമുണ്ട്.
പമ്പ് സെറ്റ് കേടായി
ദിവസങ്ങളായി ഇവിടുത്തെ പമ്പ് സെറ്റ് കേടായി കിടക്കുന്ന
തിനാൽ ഇരുപത്തഞ്ചോളം വരുന്ന സാധാരണക്കാരായ കുടുംബങ്ങളാണ് ഇത് മൂലം പ്രതിസന്ധിയിലായത്.
കോളനിയിലെ താമസക്കാരുടെ എണ്ണം കൂടുന്നതും കുടിവെള്ള ക്ഷാമം ഇരട്ടിയാക്കുന്നു. ഇതിനിടെ പമ്പ് സെറ്റ് കേടായതോടെ ദിവസങ്ങളായി മോട്ടോർ പ്രവർത്തിപ്പിക്കുന്നുമില്ല. പുറത്ത് നിന്നും കുടിവെള്ളം എത്തിക്കുന്നതിന് സാമ്പത്തിക ചിലവേറെയാണ്. ഇത് സാധാരണക്കാരായ കോളനി നിവാസികൾക്ക് താങ്ങാനാകുന്നതിലും അപ്പുറവുമാണ്. കുടിവെള്ള വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.