പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊണ്ടുവന്ന ബൈപ്പാസ് റോഡ് വിവാദത്തിലേക്ക്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ റോഡിന്റെ പ്ലാൻ മാറ്റിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. പുരയിടങ്ങളും വീടുകളും നഷ്ടമാകാതെ ആദ്യമായി കൊണ്ടുവന്ന പ്ലാനിൽ മാറ്റംവരുത്തിയാണ് എം.എൽ.എ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഇത് മൂലം പുതുതായി പണികഴിപ്പിച്ച വീടുൾപ്പെടെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
ആദ്യ സർവേ പ്ലാൻ അംഗീകരിക്കണം
പദ്ധതിയുടെ ആദ്യ സർവേയുടെ പ്ലാൻ അംഗീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദ്യ സർവേയിൽ ഒരു വീടുപോലും നഷ്ടപ്പെടാതെ പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കരഭൂമിയും വീടുകളും നഷ്ടപ്പെടാതെ കടന്നുപോകുന്ന ബൈപ്പാസിനെ ഭൂവുടമകളും നാട്ടുകാരും സ്വഗതം ചെയ്തതാണ്. സാമ്പത്തിക ബാദ്ധ്യത കുറവു വരുന്ന പഴയ സർവേയുടെ പ്ലാൻ അട്ടിമറിച്ചു കൊണ്ടാണ് 20 കോടിയോളം അധിക ബാദ്ധ്യത വരുന്ന പുതിയ പ്ലാൻ അധികൃതർ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ആക്ഷൻ കൗൺസിൽ രൂപീകരിക്കും
പുതിയപ്ലാൻ അംഗീകരിക്കാനുള്ള നീക്കത്തിനു പിന്നിൽ സാമ്പത്തിക അഴിമതിയും കൂടുതൽ കമ്മീഷൻ തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യവുമാണന്ന് മരുതുകവല റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകാനും പ്രക്ഷോഭ പരിപാടികൾക്ക് ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും മുന്നൂറോളം കുടുംബങ്ങൾ വരുന്ന റെസിഡൻസ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. എൽദോസ്, മുനിസിപ്പൽ കൗൺസിലർ അഭിലാഷ് പുതിയേടത്ത്, മറ്റു ഭാരവാഹികളായ പി.കെ. റെജി, രതീഷ് പി. ചന്ദ്രൻ, പി. പ്രദീപ് കുമാർ, ഇ.കെ. ബഷീർ, എ.എം. എബ്രഹാം, ഡോ.വി. സനൽകുമാർ, പ്രൊഫ.ആർ. ഭാസ്‌കരൻനായർ, പി.സി. ജനിലാൽ എന്നിവർ സംസാരിച്ചു.