anoop-mla

മുളന്തുരുത്തി: വെള്ളക്കെട്ടിൽ മുങ്ങിയ തോട്ടറ പുഞ്ചയിലെ വെള്ളക്കെട്ട് പരിഹരിക്കുവാൻ താല്ക്കാലിക മോട്ടോറുകൾ സ്ഥാപിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. എറണാകുളം ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിൽ അപ്രതീക്ഷിതമായി ഉണ്ടായ മഴയും പുഴയിലുണ്ടായ വേലിയേറ്റവും മൂലമാണ് വെള്ളക്കെട്ടിലായത്. പുഞ്ച സന്ദർശിച്ച ശേഷമാണ് നടപടി സ്വീകരിക്കുവാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകിയത്. പുലിമുഖത്ത് 25 എച്ച്.പിയുടെ രണ്ട് ഡീസൽ പമ്പ് സെറ്റുകൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിനു പുറമെ പ്രധാന തോട്ടിലെ വെള്ളത്തിന്റെ അളവ് താഴുന്നതിന് അതിനനുസരിച്ച് മനക്കഅത്താഴം, ഒലിയപ്പുറം, വിരിപ്പച്ചാൽ, കുന്നംകുളം പാടശേഖരങ്ങളിലെ മോട്ടോറുകളും പ്രവർത്തിപ്പിക്കും. വിത നഷ്ട്ടപ്പെട്ട കർഷകർക്ക് കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മൂപ്പ് കുറഞ്ഞ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനും കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിക്ക് നല്കിയ കത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി.നായർ, എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ ജയകുമാർ,ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു തോമസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് കർഷക സമിതി ഭാരവാഹികൾ,കൃഷി ഓഫീസർമാർ,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.