കോലഞ്ചേരി: നിവേദനങ്ങൾ ഏറെ നൽകിയിട്ടും കുടിവെള്ളത്തിനായുള്ള വഴി തെളിയാതെ ഐരാപുരം. മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരത്ത് കനാൽവെള്ളം എത്തിക്കാൻ വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച പെരിയാർവാലി കനാലിൽ ഇപ്പോഴും വെള്ളമെത്തിയിട്ടില്ല. കിളികുളം മിൽമയ്ക്ക് സമീപം തുടങ്ങി ഐരാപുരം ഗവ. ആശുപത്രി, കൂരേപ്പാടം കോളനി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പെരിയാർവാലി കനാലിൽ വെള്ളമെത്തിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
2014ൽ മഴുവന്നൂർ പഞ്ചായത്ത് ഭരണസമിതി ജലസേചന മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മിൽമ കനാൽബണ്ട് ഭാഗത്ത് മണ്ണു മൂടിക്കിടക്കുന്നതിനാലാണ് വെള്ളം ഒഴുകാത്തതെന്നും മണ്ണുമാറ്റി വെള്ളമൊഴുക്കാൻ നിർദേശം നൽകണമെന്നുമായിരുന്നു പരാതി. എന്നാൽ, നടപടികളൊന്നുമുണ്ടായില്ല. പിന്നീട്, 2015ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ കക്കാട്ടിൽ കെ.ജി. എൽദോസ് നൽകിയ നിവേദനത്തിൽ വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനമായി. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കനാലിലെ കാട് തെളിച്ച് ചെളി കോരി ഭാഗികമായി നന്നാക്കി വെള്ളമൊഴുക്കി. എന്നാൽ, കനാൽ തുടങ്ങുന്ന കിളികുളം മിൽമയ്ക്കു സമീപം റോഡിനു കുറുകെ സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം മുന്നോട്ടുപോകാതെ വന്നതോടെ നാട്ടുകാരുടെ പ്രതീക്ഷയടഞ്ഞു. ഇവിടെ വരെ വെള്ളമെത്തിയാലും മാലിന്യങ്ങൾ നിറഞ്ഞ് അടയുന്നതിനാൽ വെള്ളം മുന്നോട്ടു പോകില്ല. അന്ന് മാലിന്യവും മണ്ണും നീക്കി വെള്ളം ഒഴുക്കിയെങ്കിലും വീണ്ടും വെള്ളമൊഴുക്ക് നിലച്ചു. അതുകൊണ്ടുതന്നെ വെള്ളം പിന്നീട് വിടാതായി. കലുങ്ക് നിർമ്മിച്ച് വെള്ളമെത്തിക്കാൻ നടപടിയെടുത്തുകൊള്ളാമെന്ന് പഞ്ചായത്ത് ഏറ്റെങ്കിലും നടപടിയായില്ല. 2016 മാർച്ചിൽ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയുടെ ഇടപെടൽ മൂലം ഇന്നസെന്റ് എം.പി.യുടെ ഫണ്ടിൽനിന്ന് ഇതിനായി തുക അനുവദിച്ചു. എന്നാൽ, രാഷ്ട്രീയ ഇടപെടലുകൾ മൂലം ഫണ്ട് ഉപയോഗപ്പെടുത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. 2016ൽ വി.പി. സജീന്ദ്രൻ എം.എൽ.എ പെരിയാർവാലി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് കനാലിൽ വെള്ളമെത്തുമെന്ന പ്രസ്താവന നടത്തിയെങ്കിലും വെള്ളം കിട്ടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്ന് കനാലിലെ കാട് തെളിക്കുകയും ചെളി മാറ്റുകയും ചെയ്തിരുന്നു.
ഭരണ സമിതിക്ക് വീണ്ടും നിവേദനം നൽകി
വെള്ളമൊഴുകാത്ത കനാൽ എല്ലാ വർഷവും പഞ്ചായത്തു ചെലവിൽ കാടുവെട്ടി വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ കാടും വെട്ടിയിട്ടില്ല. എം.പി. ഫണ്ടിൽ നിന്നും ലഭിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് നിർമിച്ചാൽ കനാൽ ഉപയോഗപ്രദമാക്കാനാവും. 300ഓളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും 800 ഏക്കറോളം കൃഷിയിടത്തിന് ജലസേചനത്തും സൗകര്യം ലഭിക്കുന്ന ഈ പദ്ധതി പ്രയോജനപ്രദമാക്കാൻ കനാലിന്റെ തുടക്കത്തിലെ പൈപ്പ് മാറ്റി, കലുങ്ക് നിർമിക്കണമെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. സമീപത്തെ മറ്റു കനാലുകളിലെല്ലാം വെള്ളം എത്തിയതോടെ ഇത്തവണയെങ്കിലും ഈ കനാലിലും വെള്ളമെത്തിക്കാൻ ട്വന്റി20 ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ ഭരണ സമിതിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്.