rain

കോലഞ്ചേരി: കർഷകനെ കണ്ണീരു കുടിപ്പിച്ച് കാലംതെ​റ്റി പെയ്യുന്ന മഴ! വിളവെടുപ്പുകാലത്ത് കർഷകരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴലാവുകയാണ് മൂടിക്കെട്ടിയ അന്തരീക്ഷം. നെല്ല്, ഇഞ്ചി, അടയ്ക്ക, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയവ വിളവെടുത്ത് തുടങ്ങുന്ന സമയത്താണ് മഴ തുടങ്ങിയത്. തിരിയിൽ നിന്ന് കുരുമുളക് അടർന്നു വീഴുകയാണ്. സാധാരണ മഴ പതിവില്ലാത്ത മാസമാണ് ജനുവരി. എന്നാൽ കഴിഞ്ഞ ഒരാഴ്ചയോളമായി മഞ്ഞും മഴയും പെയ്യുകയാണ്. നാളെ കഴിഞ്ഞാൽ മകരം ഒന്നാണ്. സാധാരണ മരം കോച്ചുന്ന തണുപ്പുള്ള ധനു, മകരം മാസത്തിൽ മഴ പതിവുള്ളതല്ല. ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ജനുവരിയിൽ കേരളത്തിൽ ലഭിക്കുമെന്നാണ് മെ​റ്റ്ബീ​റ്റ് വെതറും മ​റ്റു കാലാവസ്ഥാ നിരീക്ഷകരും ഏജൻസികളുമെല്ലാം പറയുന്നത്. സാധാരണ രീതിയിൽ ജനുവരിയിൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാ​റ്റ് ദുർബലമാകുകയും ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട ശീതക്കാ​റ്റ് തെക്കേ ഇന്ത്യയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. അപ്പോഴാണ് കേരളത്തിലും ശൈത്യം അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ കാ​റ്റിന്റെ ഘടനയിലുള്ള വ്യതിയാനം തണുപ്പ് പോകാനും പകരം മഴ വരാനും കാരണമായെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. രണ്ടുദിവസംകൂടി ഈ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറെ ബുദ്ധിമുട്ടുകളുണ്ടായ കൊവിഡ് കാലത്തും കൃഷിചെയ്ത കർഷകനെ അങ്കലാപ്പിലാക്കുകയാണ് തകിടംമറിയുന്ന കാലാവസ്ഥ. തൊഴിലാളിക്ഷാമം, പ്രളയം, രോഗങ്ങൾ എല്ലാം മറികടന്ന നെൽക്കർഷകർക്കും മഴ കനത്തപ്രഹരമായി. കൊയ്യാറായ നെല്ല് മറിഞ്ഞു. കതിരിട്ട സമയത്ത് മഴ പെയ്യുന്നത് വിളവെടുപ്പിനെ ബാധിക്കും. കാലം തെ​റ്റിയുളള മഴ അടുത്ത സീസണിലെ വിളവിനെയും ബാധിക്കും. ഇഞ്ചിക്ക് മുഞ്ഞപോലുള്ള രോഗം പിടിപെടാൻ ഈ മഴ കാരണമാകും. നീരൂ​റ്റിക്കുടിക്കുന്ന മുഞ്ഞകൾ വേഗത്തിൽ വ്യാപിക്കും.