പറവൂർ: കാതിക്കുടത്തുള്ള സ്വകാര്യ കമ്പനിയുടെ നിർദിഷ്ട മാലിന്യ കുഴൽ പദ്ധതി നടപ്പിലാക്കുവാൻ സമ്മതിക്കില്ലെന്ന എം.എൽ.എയുടെ വാഗ്ദാനവും പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവും നടപ്പിലാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണമെന്ന് സമര സമിതിയുടെ പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമര സമിതി ജനറൽ കൺവീനർ എം.പി. ഷാജൻ പ്രമേയം അവതരിപ്പിച്ചു. പറവൂർ താലൂക്ക് ധീവരസഭ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രജനീ ബിബി, ലൈജു കാട്ടാശേരി, എം.എസ്‌. രാജൻ, വി.എസ്‌. അനിക്കുട്ടൻ, എൻ. പൃഥു, സജി തറമ്മൽ, പ്രദീപ് പട്ടത്ത്, ഭദ്രൻ വടക്കുംപുറം, ടി.എസ്. സുധീഷ്, പി.എസ്. ബൈജു, പി.എൻ. ദാസൻ, അനിരുദ്ധൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും സമരസമിതി ഭാരവാഹികളെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിക്ക് പതിനായിരം പേർ ഒപ്പിട്ട നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു.