കൊച്ചി: വൈറ്റില ഫ്ളൈ ഓവറിനടിയിലെ കുരുക്കഴിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഫ്ളൈഓവറിൽ വാഹനസഞ്ചാരം സുഗമായപ്പോൾ തലവേദന സൃഷ്ടിച്ച കുരുക്ക് അഴിക്കുകയാണ് ലക്ഷ്യം. കടവന്ത്ര ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് മുൻപത്തെപോലെ കടത്തിവിടാനുള്ള വഴിയാണ് പൊലീസും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുന്നത്.ഇന്നലെയും കുരുക്ക് ശക്തമായതോടെ കടവന്ത്ര ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പഴയതുപോലെ ഇടത്തേക്ക് തിരിച്ചുവിട്ട് അണ്ടർപാസിലൂടെ മറുവശത്തെത്തി സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയത്. ഇതോടെ വാഹനങ്ങൾ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയായി. തിരക്ക് വർദ്ധിക്കുന്ന തിങ്കൾ മുതലുള്ള ദിസവങ്ങളിലെ സ്ഥിതി പരിശോധിച്ച് സ്ഥിരം സംവിധാനവും സിഗ്നലും ഒരുക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നഗരത്തിലെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം പ്രതീക്ഷിച്ച വൈറ്റില ഫ്ലൈ ഓവറിനും ഗതാഗതക്കുരുക്ക് അഴിക്കാനാകുന്നില്ല. നഗരത്തിൽ നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില വഴി ആലപ്പുഴ ഭാഗത്തേക്കും പോകുന്ന വാഹനങ്ങളുടെ കാര്യത്തിലാണ് കുരുക്ക് മുറുകുന്നത്. ട്രാഫിക് സിഗ്നലെ അശാസ്ത്രിയ സമയക്രമീകരണമാണ് പ്രശ്നങ്ങൾക്ക് കാരണം. സഹോദരൻ അയ്യപ്പൻ റോഡിലൂടെ വന്ന് തൃപ്പൂണിത്തുറഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാലത്തിനടിയിലൂടെ സർവീസ് റോഡിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിയണം. അതേസമയം ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് ഫ്ലൈ ഓവറിന് അടിയിലൂടെ കടന്ന് സർവീസീസ് റോഡിൽ പ്രവേശിച്ച് മുന്നോട്ടുപോയി ദേശിയപാതയിൽ എത്തണം. അതിനിടെ വൈറ്റില ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അനുവദനീയമായ ഫ്രീ ലെഫ്റ്റ് ഉപയോഗിക്കാനാവാതെ ട്രാഫിക് കുരുക്കിൽപ്പെടുന്ന സാഹചര്യവുമുണ്ട്.
തൃപ്പൂണിത്തുറയ്ക്കും ആലപ്പുഴ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ രണ്ടുനിരയായി പോകത്തക്കവിധം ഡിവൈഡർ സ്ഥാപിച്ച് ഇടപ്പള്ളി, പൊന്നുരുന്നി ഭാഗത്തേക്ക് തിരിയേണ്ടവ ഇടത്തെ ട്രാക്കിലാക്കിലൂടെ വരത്തക്കവിധം ക്രമീകരിച്ചാൽ കുരുക്ക് പരിഹാരിക്കാമെന്നാണ് നിർദ്ദേശം. ഫ്ലൈ ഓവർ ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യദിനം ഞായറാഴ്ച ആയിരുന്നതുകൊണ്ട് കാര്യമായ തിരക്ക് ഉണ്ടായില്ല. ഇന്നത്തെ സ്ഥിതികൂടി പരിശോധിച്ചാലെ കാര്യങ്ങൾ എത്രകണ്ട് സുഗമമാണെന്ന് വിലയിരുത്താനാകു. രാവിലെയും വൈകിട്ടും വൈറ്റിലയിൽ ട്രാഫിക് കുരുക്ക് എന്ന ശാപം ഇല്ലാതായാൽ മാത്രമെ ഫ്ലൈ ഓവർ ജനങ്ങൾക്ക് ഉപകാരപ്പെട്ടുവെന്ന് വിലയിരുത്താനാകു. അതിന്റെ വിധിനിർണയം കൂടിയാകും ഇന്നുമുതൽ നടക്കുകയെന്ന് അധികൃതർ അറിയിച്ചു.