നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കരാർ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങിയ യുവതിയെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികൻ ഇടിച്ചുവീഴ്ത്തി അപമാനിക്കാൻ ശ്രമിച്ചു. ഇന്നലെ രാത്രി 10.10ന് നെടുമ്പാശേരി കാരക്കാട്ടുകുന്ന് കപ്പേളക്ക് സമീപമായിരുന്നു സംഭവം. സിയാലിൽ ബി.സി.എൽ സിറ്റി ഫോഴ്സിൽ ഗാർഡായി ജോലി ചെയ്യുന്ന കാരക്കാട്ടുകുന്ന് കുറുപ്പറമ്പ് സ്വദേശിനിയായ 37 കാരിക്ക് നേരെയാണ് അതിക്രമ ശ്രമം നടന്നത്. ദേശീയപാതയിൽ നിന്നും കാരക്കാട്ടുകുന്ന് റോഡിലേക്ക് തിരിഞ്ഞ ശേഷമാണ് ബൈക്കിൽ പിന്തുടർന്നയാളെ യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. യുവതിയുടെ സ്കൂട്ടറിനെ മറികടന്ന അക്രമി കാരക്കാട്ടുകുന്ന് എസ്.എൻ.ഡി.പിക്ക് സമീപം ബൈക്ക് നിർത്തി. യുവതിയുടെ സ്കൂട്ടറിന് കുറുകെ നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എതിർ ദിശയിൽ നിന്നും കാർ വന്നതിനാൽ നടന്നില്ല.
ഇതിനിടയിൽ കാരക്കാട്ടുകുന്നിൽ നിന്നും കുറുപ്പറമ്പ് റോഡിലേക്ക് പ്രവേശിച്ചിരുന്നു. ബൈക്ക് പിന്തുടർന്നതിനെ തുടർന്ന് കയറി പോകുന്നതിനായി യുവതി സ്കൂട്ടർ വേഗത കുറച്ച് ഇടതുവശത്തേക്ക് ചേർന്നാണ് ഓടിച്ചത്. ഈ സമയം ഓട്ടത്തിനിടയിൽ തന്നെ അക്രമി യുവതിയുടെ കയ്യിൽ കയറി പിടിച്ചു. ഇതോടെ യുവതി ബഹളം വയ്ക്കുകയും സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയാൻ തുടങ്ങുകയും ചെയ്തതോടെ അക്രമി ബൈക്കിൽ കടന്നുകളയുകയായിരുന്നു. 100 മീറ്റർ അകലത്തിലുണ്ടായിരുന്നവർ ചെങ്ങമനാട് പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ന് യുവതി രേഖാമൂലം പരാതി നൽകും.
അഞ്ച് വർഷത്തോളമായി യുവതി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതാണ്. ഉച്ചയ്ക്ക് രണ്ടിന് ജോലിയിൽ പ്രവേശിച്ച് 10ന് ഇറങ്ങുന്ന ഷിഫ്റ്റാണിത്. ആദ്യമായിട്ടാണ് തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. അതേസമയം പൊലീസിന്റെ നൈറ്റ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാൽ പലവട്ടം ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിയാൽ ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) നേതാവ് സുവർണ ഗോപി പറയുന്നു.