കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാസങ്ങളായി കൊവിഡ് ചികിത്സയ്ക്ക് മാത്രമായി പ്രവർത്തിക്കുന്ന ആശുപത്രിയിലെ സാധാരണ ഒ.പി രണ്ടു മണിക്കൂർ വീതം മറ്റു രോഗികൾക്കും ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൃദ്രോഗവിഭാഗം, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വീണ്ടും ആരംഭിച്ചിട്ടില്ല. കാത്ത്ലാബ്, സി.ടി. സ്കാൻ, എം.ആർ.ഐ സ്കാൻ, ഡയാലിസിസ് തുടങ്ങിയ സൗകര്യങ്ങളും വിനിയോഗിക്കുന്നില്ല. ഇത്തരം മെഷീനുകൾ മാസങ്ങളായി ഉപയോഗിക്കുന്നില്ല. പുറത്തെ സ്വകാര്യ ആശുപത്രികളിൽ വൻതുക ചെലവാക്കിയാലേ ഇത്തരം സൗകര്യങ്ങൾ ലഭിക്കുകയുള്ളു. ഇവയുടെ പ്രവർത്തനവും ആരംഭിച്ചാൽ പാവപ്പെട്ട രോഗികൾക്ക് മികച്ച സൗകര്യങ്ങൾ ചെറിയ ചെലവിൽ ലഭിക്കും. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് മാത്രമായി ഉപയോഗിച്ചത് എറണാകുളം മെഡിക്കൽ കോളേജാണ്. മറ്റു ചികിത്സാവിഭാഗങ്ങൾക്ക് താൽക്കാലികമായി എറണാകുളം ജനറൽ ആശുപത്രിയെയാണ് ആശ്രയിച്ചത്. തിരക്കുള്ള ജനറൽ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് ലഭിച്ചിരുന്നില്ല.
കൊവിഡ് ആശുപത്രി ആലുവയിൽ
കൊവിഡ് ചികിത്സ പൂർണമായും ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. ആശുപത്രിയിൽ പുതിയ ബ്ളോക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ക്രമീകരിക്കുന്ന ജോലികൾ ആരംഭിച്ചു. ഈമാസം അവസാനത്തോടെ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കിടത്തിചികിത്സയും ആരംഭിക്കാനും നടപടി ആരംഭിച്ചു. ഫെബ്രുവരിയോടെ മെഡിക്കൽ കോളേജ് സാധാരണനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിട്ടില്ല. 600 നും 800 നുമിടയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികൾ. ആയിരം കടന്ന ദിവസവമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ആലുവയിൽ ഒരുക്കാതെ മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ ഒഴിവാക്കാനാവില്ല. വെന്റിലേറ്റർ ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജീകരിക്കാൻ നടപടി തുടരുകയാണ്.
പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
എട്ടുമാസത്തോളം പൊതുചികിത്സകൾ മുടങ്ങിയത് മെഡിക്കൽ വിദ്യാർത്ഥികളെയും ദോഷകരമായി ബാധിച്ചിരുന്നു. മറ്റു ചികിത്സകളും ആരംഭിച്ച പഠനസൗകര്യങ്ങൾ ഒരുക്കണമെന്ന് വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരന്നു. അവസാനവർഷ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കി. മറ്റു വിദ്യാർത്ഥികളും സമരത്തിന് നോട്ടീസ് നൽകിയതോടെ കളക്ടർ നടത്തിയ ചർച്ചയിലാണ് ദിവസം രണ്ടു മണിക്കൂർ വീതം കൊവിഡിതര ഒ.പിയും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. ആരോഗ്യ സർവകലാശാലയും ക്ളാസ് മുടങ്ങിയതിൽ ആശങ്ക അറിയിച്ചിരുന്നു.
സാധാരണ നിലയിലാക്കണം
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സാധാരണനിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് നിവേദനം സമർപ്പിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണം. വിദ്യാർത്ഥികൾക്ക് പഠനസൗകര്യവും സാധാരണ രോഗികൾക്ക് ചികിത്സാസൗകര്യവും ഉറപ്പാക്കണമെന്നും ഡോ.എൻ.കെ. സനിൽകുമാർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.