chik

കൊച്ചി: പക്ഷിപ്പനിയുടെ ആശങ്കയിൽ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞതോടെ കോഴി കർഷകർ ആശങ്കയിൽ. വില ഇടിഞ്ഞപ്പോൾ ഉപഭോഗം കൂടി. മൊത്തവില കഴിഞ്ഞയാഴ്ച 73 വരെയെത്തി. ചിലയിടങ്ങളിൽ മൊത്ത വിതരണക്കാർ തന്നെ ചില്ലറ വില്പനയും നടത്തിയതോടെ വില ഇതിലും കുറഞ്ഞു.

ചൂട് കൂടിയതോടെ പരമാവധി സ്റ്റോക്ക് ഒഴിവാക്കാൻ വിതരണക്കാർ ശ്രമിച്ചതും വിലക്കുറവിനിടയാക്കി. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തേക്ക് കോഴിയിറച്ചി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കയാണ്. ചുരുക്കം മേഖലകളിലാണെങ്കിലും കുടുംബശ്രീ മുഖേന കേരള ചിക്കൻ വില്പനയും മത്സ്യ ഉപഭോഗം കൂടിയതും വിലക്കുറവിനിടയാക്കി.

പൗൾട്രി ഫാമുകൾ നഷ്ടത്തിൽ

കോഴിക്ക് വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ പൗൾട്രി ഫാമുകൾ നഷ്ടഭീതിയിലാണ്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഒരെണ്ണണത്തിന് 56 രൂപ നൽകിയാണ് ഫാമുകൾ വാങ്ങുന്നത്.

മൂന്നു മാസത്തേയ്ക്ക് തീറ്റയുൾപ്പെടെ പരിപാലന ചെലവും അത്ര തന്നെ വരും. പൂർണ വളർച്ചയെത്തുന്ന കോഴിക്ക് രണ്ടര കിലോ വരെയാണ് ഭാരം. ശനിയാഴ്ചച മൊത്തവില കിലോയ്ക്ക് 73 രൂപ വരെയായിരുന്നു. രണ്ട് കിലോയ്ക്ക് പരമാവധി കിട്ടുന്നതു 146 രൂപയും. ശരാശരി ഒരു കോഴിയിൽ നിന്ന് കിട്ടുക 100 രൂപ മാത്രവും. പല കർഷകരും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാണ്.

കോഴിക്കുഞ്ഞുങ്ങൾക്കും ക്ഷാമം

ജനുവരി ആദ്യവാരം വില ഗണ്യമായി കുറഞ്ഞപ്പോൾ ഉപഭോഗം കുതിച്ചുയർന്നു. വളർച്ചയെത്തും മുമ്പേ ലോഡുകൾ കൊടുക്കേണ്ടി വന്നു. പല കോഴിഫാമുകളിലും ഇപ്പോൾ ആവശ്യത്തിന് കോഴികളില്ല. തമിഴ്നാട്ടിൽ നിന്ന് കോഴിക്കുഞ്ഞുങ്ങൾ ആവശ്യത്തിന് എത്തുന്നുമില്ല,

വില പിടിച്ചുകയറുന്നു

ശനിയാഴ്ച മുതൽ കോഴിയിറച്ചി വിലയിൽ വർദ്ധനവുണ്ട്. ഞായറാഴ്ച 96 രൂപയായിരുന്നത് തിങ്കളാഴ്ച എട്ടു രൂപ കൂടി 104 രൂപയിലെത്തി. ഇന്നലെ 97 മുതൽ 100 രൂപ വരെയായി കുറഞ്ഞു.

കേരള ചിക്കന് തിങ്കളാഴ്ച 86 രൂപയായിരുന്നു വില. കേരളത്തിലെ കോഴിഫാമുകളിൽ ഉത്പാദനം കുറയുന്നതോടെ വില ഇനിയും കൂടും. വില കൂടി വരുന്നുണ്ടെങ്കിലും ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ എത്താത്തത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.