traffic
ആലുവ പാസ്‌പോർട്ട് ഓഫീസിന് മുന്നിലെ വാഹനത്തിരക്ക്‌

ആലുവ: ഇടവേളയ്ക്ക് ശേഷം പാസ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചതോടെ ആലുവയിലെ സേവാകേന്ദ്രത്തിന് മുമ്പിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. സേവാകേന്ദ്രത്തിൽ എത്തുന്നവരുടെ വാഹനങ്ങൾ പെരുമ്പാവൂർ ദേശസാത്കൃതറോഡിൽ കാസിനോ തിയേറ്ററിന് സമീപം പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണം.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഫുട്പാത്തുകൾ കൈയേറി പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് പാസ്‌പോർട്ട് സേവനങ്ങളുടെ പ്രവർത്തനം മാസങ്ങളോളം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനരാരംഭിച്ചതോടെ നിരവധിയാളുകളാണ് നിത്യേന ഓഫീസിൽ എത്തുന്നത്. പലരും വരുന്നത് കുടുംബസമേതമാണ്. ഇവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെയില്ല. റോഡരികിൽ പാർക്ക് ചെയ്യുന്നതോടെ വീതിയില്ലാത്ത റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ ഏറെ വിഷമിക്കുകയാണ്. ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.

ഈ മേഖലയിൽ റോഡിന് വീതി കുറവാണെന്ന് നേരത്തേ പരാതിയുണ്ട്. നേരത്തെ ഫുട്പാത്തുകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ പരിസരവാസികൾ രംഗത്തുവന്നതോടെ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണം വന്നതോടെ ട്രാഫിക് നിയന്ത്രണമെല്ലാം പാളിയ അവസ്ഥയാണ്.

സമീപത്തെ സിനിമാതിയേറ്റർ പ്രവർത്തിക്കാത്തതിനാൽ പേ ആൻഡ് പാർക്ക് സംവിധാനം സൗകര്യം ഉണ്ട്. വളരെ കുറച്ചുപേർ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. സിനിമാ തീയേറ്റർ പഴയ പോലെ പ്രവർത്തിച്ച് തുടങ്ങിയാൽ ഈ സൗകര്യവും ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു.