കോലഞ്ചേരി: കാലം തെറ്റിപ്പെയ്ത മഴ കപ്പ കർഷകരെ കണ്ണീരിലാഴ്ത്തി. മഴ നിർത്താതെ പെയ്യുന്നതിനാൽ കപ്പ ചീഞ്ഞുപോകുന്നതാണ് പ്രധാന പ്രശ്‌നം. കൂടാതെ വെള്ളം കെട്ടുന്നതിനാൽ കപ്പയുടെ നൂറ് നഷ്ടപ്പെട്ട് ഗുണമേന്മ കുറയുന്നുണ്ട്. വിലയും ലഭിക്കുന്നില്ല. ആറ് കിലോ കപ്പയ്ക്ക് 100 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. പലിശയ്ക്ക് പണമെടുത്ത് ഏക്കറുകളോളം സ്ഥലത്ത് കൃഷി ചെയ്തവർ ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്. ഉണക്കക്കപ്പയ്ക്കാണ് വില ലഭിക്കുന്നത്. മഴ പെയ്യുന്നതിനാൽ കപ്പ ഉണക്കാൻ കഴിയുന്നില്ല. മഴസമയത്തും കപ്പവാട്ടുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിനൽകണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകർക്ക് ഇരട്ട പ്രഹരം
ഏറെ പ്രതീക്ഷ നൽകുന്ന വിളവെടുപ്പിൽ മഴയും വിലത്തകർച്ചയും ഇരട്ട പ്രഹരമാണ് നൽകിയത്. സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുന്നവർ കുറവാണ്. ബഹുഭൂരിപക്ഷം ആളുകളും സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് സ്ഥലമുടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ ഇരുപതിനായിരംവരെ നൽകണം. കൂടാതെ പണിക്കൂലിയും ചിലവുമുൾപ്പെടെ നോക്കുമ്പോൾ കിലോയ്ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ഇവരുടെ അദ്ധ്വാനം ഫലമില്ലാതെയാകും. സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയവർ മുടക്കു മുതലെങ്കിലും കിട്ടിയാൽ മതിയെന്ന തരത്തിലാണ് വില്പന നടത്തുന്നത്. മഴ മാറിയാലും കപ്പയെ ബാധിക്കുന്ന ഇലചുരുളൽ, ഇലയിൽ പുള്ളിക്കുത്ത് എന്നിവ വിളവിൽ കുറവുണ്ടാക്കും. കിഴങ്ങിനെ ബാധിക്കുന്ന കസാവ ട്യൂബർ റൂട്ട് രോഗവും കർഷകരെ വലക്കുന്നു. ഇരുപത് രൂപയെങ്കിലും കിലോയ്ക്ക് കിട്ടാൻ സാഹചര്യമൊരുക്കുകയോ മരച്ചീനിക്ക് സബ്‌സിഡി നൽകാൻ സർക്കാർ തയ്യാറാകുകയോ ചെയ്യണമെന്നാണ് ആവശ്യം.
വില ഇനിയും കുറയും
കപ്പയ്ക്ക് കുറഞ്ഞത് 25രൂപ കിലോയ്ക്ക് കിട്ടണം. കൊവിഡ് കാലത്ത് കപ്പ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതിനാൽ അടുത്ത വർഷത്തെ വിളവെടുപ്പിൽ ഇനിയും വില കുറയും.
എൽദോസ്, കർഷകൻ, പെരുവുംമൂഴി