കൊച്ചി : മകരവിളക്ക് കാണാൻ പർണശാലകൾ (താല്‌കാലിക ഷെഡ്) കെട്ടി ശബരിമലയിലും പരിസരങ്ങളിലും ഭക്തർ തങ്ങുന്നത് ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലും പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലും സമീപത്തെ വനമേഖലകളിലും ഭക്തരെ തങ്ങാൻ അനുവദിക്കരുതെന്നാണ് ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
മകരവിളക്ക് അടുത്തുവരുന്ന സാഹചര്യത്തിൽ സർക്കാർ, വനം വകുപ്പ്, പൊലീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങി ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ശബരിമലയിലും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും വനമേഖലകളിലും ഭക്തർ മകരവിളക്കു ദർശിക്കാൻ നാലുദിവസം മുമ്പെത്തി പർണശാലകൾ കെട്ടി തമ്പടിക്കുന്നതാണ് പതിവ്.