mo-john
ആലുവ നഗരസഭ ധനകാര്യ സ്ഥിരം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പൂക്കൾ നൽകി അഭിനന്ദിക്കുന്നു

ആലുവ: ആലുവ നഗരസഭയിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ധനകാര്യം ഉൾപ്പെടെ അഞ്ച് കമ്മിറ്റികളിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം.

കമ്മിറ്റികളുടെ ചെയർമാൻ തിരഞ്ഞെടുപ്പ് 14ന് രാവിലെ 10.30ന് നടക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷ മുനിസിപ്പൽ ചട്ടപ്രകാരം വൈസ് ചെയർപേഴ്സനാണ്. ഈ കമ്മിറ്റിയിലേക്ക് വൈസ് ചെയർപേഴ്സൺ ജെബി മേത്തറെ കൂടാതെ ലിസ ജോൺസൺ, ജെയ്സൺ പീറ്റർ (കോൺഗ്രസ്), ഗെയിൽസ് ദേവസി (എൽ.ഡി.എഫ്), എൻ. ശ്രീകാന്ത് (ബി.ജെ.പി) എന്നിവരാണ്. മറ്റ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ലത്തീഫ് പൂഴിത്തറ, കെ. ജയകുമാർ, സീനത്ത് മൂസാക്കുട്ടി, കെ.വി. സരള (വികസനം), ഫാസിൽ ഹുസൈൻ, സാനിയ തോമസ്, ശ്രീലത രാധാകൃഷ്ണൻ, ദിവ്യ സുനിൽ (വിദ്യാഭ്യാസം), എം.പി. സൈമൺ, ഡീന ഷിബു, ശ്രീലത വിനോദ്കുമാർ, പി.എസ്. പ്രീത (ആരോഗ്യം), മിനി ബൈജു, ലീന വർഗീസ്, ടിന്റു രാജേഷ്, കെ.പി. ഇന്ദിരാദേവി (ക്ഷേമം) എന്നിവരാണ്. ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, സൈജി ജോളി, മിനി ബൈജു എന്നിവർ വിവിധ സ്റ്റാന്റംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരാകും.

മുൻ ഭരണസമിതിയിലും കോൺഗ്രസിന് 14 സീറ്റാണ് ലഭിച്ചതെങ്കിലും രണ്ട് സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിന് പോയിരുന്നു. മാത്രമല്ല ധനകാര്യ കമ്മിറ്റിയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷവും ഉണ്ടായില്ല. ധനകാര്യ സ്ഥിരംസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പൂക്കൾ നൽകി അഭിനന്ദിച്ചു.