court

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ സാക്ഷിവിസ്താരം ജനുവരി 21 ന് പുനരാരംഭിക്കും. മാർച്ച് 17 നകം 116 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാനുണ്ട്. നേരത്തെ ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ലോക്ക് ഡൗണും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണ തടസപ്പെടുത്തിയിരുന്നു. തുടർന്ന് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽ കുമാർ ചുമതലയേറ്റതിനെത്തുടർന്നാണ് ഇന്നലെ കേസ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി പരിഗണിച്ചത്. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ജനുവരി 21 ന് വിസ്തരിക്കും. ജനുവരി 28 ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനെയും ഫെബ്രുവരി മൂന്നിന് സംവിധായകൻ നാദിർഷായെയും വിസ്തരിക്കും. കേസന്വേഷണത്തിൽ പങ്കെടുത്ത ഒമ്പത് ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളിലായി കോടതിക്ക് മുമ്പിലെത്തും. 80 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായത്. രഹസ്യ വിചാരണയാണ് നടക്കുന്നത്. കേസിലെ പ്രതി ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഭേദഗതി വരുത്താനായി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വെള്ളിയാഴ്ച വിധി പറയാൻ മാറ്റി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ചാണ് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ. സുരേശൻ രാജിവച്ചത്. കോടതിമാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിയിരുന്നു.