കോലഞ്ചേരി: ഭൂമി സംബന്ധമായ വിവരങ്ങളറിയാൻ ഇനി റവന്യൂ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഡേറ്റാ ബാങ്കിലുൾപ്പെട്ട ഭൂമിയുടെ വിവരങ്ങളെല്ലാം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ വിരൽത്തുമ്പിലെത്തിക്കാനുള്ള ഒരുക്കങ്ങളുമായി കാർഷിക, റവന്യൂ വകുപ്പുകൾ. 2005ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക വകുപ്പിന്റെ തീരുമാനം. ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ അതത് വകുപ്പുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ജനങ്ങളെ ഓഫീസുകൾ കയറിയിറക്കി പ്രയാസപ്പെടുത്തരുതെന്നുമാണ് നിയമത്തിലുള്ളത്. എന്നാൽ, എന്തെങ്കിലും വിവരമാവശ്യമുണ്ടെങ്കിൽ വിവരാവകാശ അപേക്ഷ നൽകി 30 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ പ്രാദേശിക നിരീക്ഷണ സമിതികൾ തയ്യാറാക്കിയ ഡേറ്റാ ബേങ്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ ഈ പ്രയാസത്തിന് അറുതിവരുത്താനാവുമെന്ന് സർക്കാരിന് ബോദ്ധ്യമായി. ഏതൊക്കെ ഭൂമികൾ ഡേറ്റാ ബാങ്കിലുൾപ്പെട്ടിട്ടുണ്ടെന്നും ഏതൊക്കെയാണ് വയലുകളായി കിടക്കുന്നതെന്നും പ്രയാസമില്ലാതെ മനസിലാക്കാനായാൽ വീടു വെക്കുന്നതിനും ഭൂമി വാങ്ങുന്നതിനുമെല്ലാമുള്ള ആശയക്കുഴപ്പങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് 2008ൽ തയ്യാറാക്കിയ ഡേറ്റാ ബാങ്കിലുൾപ്പെട്ട ഭൂമികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനത്തിന് കാണാനാകും വിധം തദ്ദേശസ്ഥാപന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈമാസം ഇത്തരം വിവരങ്ങളെല്ലാം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.