കൊച്ചി : ജയിലിലെ മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെവിൻ കൊലക്കേസ് പ്രതി പുനലൂർ ഇളമ്പൽ സ്വദേശി ടിറ്റു ജെറോമിനെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു.
പൂജപ്പുര ജയിലിന്റെ പരിധിയിൽ വരുന്ന മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയശേഷം ടിറ്റുവിനെ ആശുപത്രിയിൽ തിരികെയെത്തിക്കണമെന്നും കോടതിയുടെ തുടർ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ടിറ്റുവിനെ കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കളായ ജെറോം കൊച്ചുകുട്ടിയും വത്സമ്മയും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ജയിലിലെ മർദ്ദനത്തിൽ ടിറ്റുവിന് പരിക്കേറ്റെന്നും ഹർജിക്കാർ ആരോപിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജിയും രണ്ടു ഡോക്ടർമാരും ടിറ്റുവിനെ സന്ദർശിച്ചു റിപ്പോർട്ട് നൽകി. ജയിലിൽ ചിലർ മദ്യപിച്ചതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നായിരുന്നു ടിറ്റുവിന്റെ വിശദീകരണം.
സംഭവമന്വേഷിച്ച് ജയിൽ ഡി.ഐ.ജി പി. അജയ് കുമാർ ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു.
ജയിലിലേക്ക് മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് ടിറ്റുവിനു പുറമേ ഷിനു, ഉണ്ണിക്കുട്ടൻ, ശ്യാം ശിവൻ എന്നീ പ്രതികൾക്കെതിരെ ജയിൽ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി സർക്കാർ അഭിഭാഷകനും അറിയിച്ചു.
ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കിയ വിവരം അറിയാനായി ഹർജി ജനുവരി 13 ലേക്ക് മാറ്റി.