വൈപ്പിൻ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 37 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പഴയ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നിർമ്മിച്ച കെട്ടിടത്തിൽ താഴത്തെ നിലയിൽ ഓഫീസ് റൂം, ലൈബ്രറി, സ്റ്റാഫ് ഡൈനിംഗ് ഹാൾ, ശൗചാലയം, ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള റാമ്പ്, ഭിന്നശേഷിക്കാർക്ക് പ്രത്യേക ശൗചാലയം, രണ്ടാംനിലയിൽ റെക്കോഡ് മുറികളുമാണുള്ളത്. സന്ദർശകർക്കായുള്ള മുറിയും ഒരുക്കിയിട്ടുണ്ട്..
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, രമണി അജയൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. എസ്. ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്‌ട്രേഷൻ ജോ. ഇൻസ്‌പെക്ടർ ജനറൽ പി.കെ. സാജൻകുമാർ സ്വാഗതവും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആർ. മധു നന്ദിയും പറഞ്ഞു.