കൊച്ചി: വെൽഫെയർ പാർട്ടിയെ യു.ഡി.എഫിന് പുറത്ത് നിറുത്തണമെന്ന സമസ്തയുടെ നിർദ്ദേശം കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ മുസ്ലീംലീഗ് അംഗീകരിച്ചതോടെ ,രണ്ട് സംഘടനകളും തമ്മിലുള്ള അകൽച്ചയുടെ മഞ്ഞുരുകി.
സമസ്തയുടെ പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളും, സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാരും പാണക്കാട്ടെത്തിയാണ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയത്. സമസ്തയും മുസ്ലീംലീഗും ഒറ്റക്കെട്ടാണെന്ന് ചർച്ചക്ക് ശേഷം ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചു.
അകൽച്ചയുടെ തുടക്കം
സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി എത് സർക്കാർ ഭരിക്കുമ്പോഴും സമസ്ത ആശ്രയിച്ചിരുന്നത് ലീഗ് നേതാക്കളെയായിരുന്നു. എന്നാൽ ,ഇടതു സർക്കാർ വന്നതോടെ മന്ത്രി കെ.ടി.ജലീൽ സമസ്തയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഗണിച്ചു. മുസ്ലീംലീഗിനെ എതിർക്കുന്ന സമസ്തയിലെ വിമത വിഭാഗം നേതാവ് ഉമർ ഫൈസി മുക്കത്തെ മദ്രസ ക്ഷേമനിധി ബോർഡ് അംഗമാക്കി മന്ത്രി ജലീൽ സമസ്തയിലെ ഒരു വിഭാഗത്തിൽ സ്വാധീനമുറപ്പിച്ചു. ഇതോടെ, ഈ വിഭാഗം മുസ്ലീംലീഗിന്റെ പല രാഷ്ടീയ നിലപാടുകളെയും പ്രത്യക്ഷമായി എതിർക്കാൻ തുടങ്ങി. ലീഗ് എതിർത്തിട്ടും സി.പി.എമ്മിന്റെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിൽ ആലിക്കുട്ടി മുസ്ല്യാർ പങ്കെടുത്തു.പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നതോടെ, അദ്ദേഹം മുൻകൈ എടുത്താണ് ഇപ്പോഴത്തെ മഞ്ഞുരുകലിന് സാഹചര്യമൊരുക്കിയത്. സമസ്തയിലെ അസംതൃപ്തർ ഇനി എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.