bbc

കൊച്ചി: വനിത സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. ബി.ബി.സി. റേഡിയോയുമായി കൊച്ചിയിലെ സ്ത്രീ സംരംഭകത്വം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡ്യൂസർ ഈവ് സ്ട്രീറ്റർ ആണ് ഒരുമണിക്കൂറിലേറെ ദൈർഘ്യമുള്ള വെർച്വൽ അഭിമുഖം നടത്തിയത്.സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ലോകവിശേഷങ്ങൾ അറിയുന്നതിനും ഇംഗ്ലീഷ്ഭാഷയിൽ പരിജ്ഞാനം നേടുവാനും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ബി.ബി.സി.
റേഡിയോ ഒരഭിമുഖത്തിനായി തന്നെ ക്ഷണിക്കുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നതെന്നും ഇത് സ്വപ്ന സാക്ഷാത്ക്കാരമാണന്നും അഭിമുഖത്തിന്റെ തുടക്കത്തിൽ മേയർ പറഞ്ഞു.
വിദ്യാഭ്യാസവും കഴിവും ഉള്ള സ്ത്രീകൾപോലും സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് വിമുഖത കാട്ടിയ ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാലിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള സർക്കാർ സംവിധാനങ്ങളുടെയും ഭാഗമായി 30000 ത്തോളം ജോയിന്റ് സ്റ്റോക്ക് കമ്പനികൾ സ്ത്രീകൾ റജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും സഹകരണത്തോടെ കൊച്ചിയെ ഒരു സ്ത്രീ സുരക്ഷിത നഗരമാക്കിക്കൊണ്ട് അവരുടെ സംരംഭകത്വപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുക സ്ത്രീകൾ സാമ്പത്തിക രംഗത്ത് ചുവടുറപ്പിക്കുമ്പോഴാണെന്നും അതിനായി മേയർ എന്ന നിലയിൽ കഴിവിന്റെ പരമാവധി ഉപയോഗിച്ച് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പരിപാടികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ കൊച്ചിയിലെത്തി മേയറുമായി നേരിട്ട് അഭിമുഖം നടത്താനാകുമെന്ന് ബി.ബി.സി.
റേഡിയോ പ്രത്യാശ പ്രകടിപ്പിച്ചു.