കൊച്ചി: പായ്‌വഞ്ചിയിൽ തനിച്ച് ലോകം ചുറ്റി ശ്രദ്ധേയനായ കമാൻഡർ അഭിലാഷ് ടോമി നാവികസേനയിൽ നിന്ന് സ്വയംവിരമിച്ചു. ദക്ഷിണനാവിക താവളത്തിന് കീഴിലെ ഗോവ കേന്ദ്രത്തിലായിരുന്നു അവസാന പോസ്റ്റിംഗ്.
2022 ൽ നടക്കുന്ന ഗ്ളോബൽ റേസിന് ഒരുങ്ങുന്നതിനാണ് 42 കാരനായ അഭിലാഷ് ടോമിയുടെ രാജി. പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 2013 ലായിരുന്നു യാത്ര. ഏഷ്യയിൽ നിന്നുള്ള രണ്ടാമനുമാണ്. 2018 ലെ ഗ്ളോബൽ റേസിലും പങ്കെടുത്തിട്ടുണ്ട്.
കീർത്തിചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ചു. വിശിഷ്‌ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ, സാഹസിക കായികയിനത്തിലെ പ്രകടനങ്ങൾക്ക് ടെൻസിംഗ് നോർഗെ ദേശീയ അവാർഡ് എന്നിവയും ലഭിച്ചു. 2000 ലാണ് നാവികസേനയിൽ ചേർന്നത്.
ആഗോള പായ്‌വഞ്ചിയോട്ട മത്സരമായ ഗ്ളോബൽ റേസിൽ പങ്കെടുക്കുന്നതിനാണ് വിരമിക്കലെന്ന് അദ്ദേഹം പറഞ്ഞു. 2018 ലെ മത്സരത്തിൽ പങ്കെടുത്തെങ്കിലും ആസ്ട്രിയയിലെ പെർത്തിന് സമീപം പായ്‌വഞ്ചി കാറ്റിലും ചുഴിയിലും അപകടത്തിൽപ്പെട്ടിരുന്നു. നടുവിന് പരിക്കേറ്റ അഭിലാഷ് ദീർഘകാലം ചികിത്സയിലും കഴിഞ്ഞു.
ചങ്ങനാശേരി ചെത്തിപ്പുഴ വല്യാറവീട്ടിൽ ലഫ്റ്റനന്റ് കമാൻഡർ വി.സി. ടോമിയുടെയും വത്സമ്മയുടെയും മകനാണ്. ഉൗർമ്മിളയാണ് ഭാര്യ. തൃപ്പൂണിത്തുറ കണ്ടനാട്ടാണ് താമസം.