അങ്കമാലി: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചുമാസം പ്രായമുള്ള ആരോമൽ ഇനി നസ്രത്തിലെ അമ്മമാരുടെ കൈകളിൽ സുരക്ഷിതനായിരിക്കും. ശനിയാഴ്ചയാണ് മൂക്കന്നൂർ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളി വരാന്തയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ നാട്ടുകാരും പള്ളി ഭാരവാഹികളും ചേർന്ന് അങ്കമാലി പൊലീസിനെ ഏൽപ്പിച്ചത്. തുടർന്ന് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്‌ളവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് കൈമാറുകയായിരുന്നു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പരിലാളനയിലും വാത്സല്യത്തിലും രണ്ടുദിവസം കഴിഞ്ഞ കുഞ്ഞിനെ ആശുപത്രി അധികൃതർ ആരോമലെന്ന് പേരിട്ടുവിളിച്ചു.
പൂർണ ആരോഗ്യവാനായതോടെ കുഞ്ഞിനെ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, അങ്കമാലി സബ് ഇൻസ്‌പെക്ടർ അജിത്ത്, ഫാ. വർഗീസ് പാലാട്ടി, ഫാ. റിജു കണ്ണമ്പുഴ, സേവ്യർ ഗ്രിഗറി, ഡോ. മാർട്ടിൻ അഗസ്റ്റിൻ, പൊലീസുകാരായ സൈജു, റെന്നി അയ്യമ്പുഴ, പരിചരിച്ച നഴ്‌സുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എടക്കുന്നിലെ നസ്രത്ത് ശിശുഭവൻ അധികാരികൾക്ക് കൈമാറി. ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ മാത്രമേ ആരോമലിനെ ആർക്കും ദത്തെടുക്കാൻ കഴിയുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.