തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിലും കൃഷിയെ കൈവിടാതെ കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കുറുപ്പംപടി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായെങ്കിലും കൃഷി വിട്ടൊരു ജീവിതമില്ല ബേസിൽ പോളിന്. പുതിയ പദവിയും രാഷ്ട്രീയ തിരക്കുകളും ഇദ്ദേഹത്തിന്റെ കാർഷിക ജീവിതത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല.
പശുവളർത്തൽ, ജാതി, കൊക്കോ, ഓർക്കിഡ്, റബ്ബർ, വാഴ കൃഷികളും മീൻവളർത്തലും നടത്തുന്ന കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പതിവ് രാഷ്ട്രീയക്കാരിൽ തികച്ചും വ്യത്യസ്തനാണ്. രാവിലെ അത്യാവശ്യം കൃഷിപ്പണികളും പാൽവിതരണവും കഴിഞ്ഞാണ് പൊതുപ്രവർത്തനത്തിനിറങ്ങുന്നത്. ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളുണ്ടെങ്കിലും കൃഷിവിട്ടൊരു കളിയില്ലെന്ന പക്ഷക്കാരനുമാണ്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും കൃഷിയെയും ജീവിതത്തിന്റെ കൂടെ കൂട്ടി. ജനപ്രതിനിധിയായി തിരഞ്ഞെടുത്തപ്പോഴൊക്കെ വികസനരംഗത്ത് അവിശ്വസനീയമായ നേട്ടങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ട്
തന്നെ ജനസമ്മതിയുടെ കാര്യത്തിലും ആർക്കും പിന്നിലല്ല.
ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനവും യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് മെമ്പർ സ്ഥാനവും വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മികച്ച പ്രകടനം കാഴ്ചവച്ചു. 2005 ൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഒന്നരവർഷം പ്രവർത്തിച്ചു. 2015 മുതൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ട്രസ്റ്റി, സെന്റ് കുര്യാക്കോസ് കോളേജ് മാനേജർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
രായമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലഘട്ടത്തിൽ നിർമ്മിച്ച കുറുപ്പംപടി ബസ്‌സ്റ്റാന്റ്, കുറുപ്പംപടി മാർക്കറ്റ്, മലമുറിയിലെ ആധുനിക ശ്മശാനം, വിവിധ അംഗൻവാടി കെട്ടിടങ്ങൾ തുടങ്ങിയ ബേസിലിന്റെ ഭരണനേട്ടങ്ങളുടെ മാതൃകകൾ കൂടിയാണ്.
മിസയാണ് ഭാര്യ. മക്കൾ: ദിയ, പോൾ എന്നിവർ വിദ്യാർത്ഥികളാണ്.
കൂവപ്പടിയെ ജനകീയ ബ്ളോക്കാക്കും
കൂവപ്പടി ബ്ലോക്കിനെ ജനകീയ ബ്ലോക്ക് ആക്കുകയാണ് ലക്ഷ്യം. കേന്ദ്ര ആവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിനും കുറുപ്പംപടി ടൗൺ സമഗ്രവികസനത്തിനും ഊന്നൽ നൽകും. തുങ്ങാലി ഗവൺമെൻറ് ആശുപത്രിയിൽ കിടത്തി ചികിത്സ സൗകര്യം കൊണ്ടുവരാൻ ശ്രമിക്കും.
ബേസിൽ പോൾ
കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്