കൊച്ചി: കെവിൻ വധക്കേസിലെ പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റെന്ന പരാതിയിൽ ജയിൽ ഡി.ഐ.ജി പി. അജയ്‌കുമാർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി. തുടർന്ന് രണ്ടാഴ്ചയ്ക്കകം വിശദറിപ്പോർട്ട് നൽകാൻ ജയിൽ ഡി.ജി.പിയോടു നിർദ്ദേശിച്ചു. പ്രതികൾ ജയിലിലേക്ക് മദ്യം കടത്തിയതിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ പകരം വീട്ടാനാണ് പരാതി നൽകിയതെന്നാണ് ഡി.ഐ.ജിയുടെ റിപ്പോർട്ടിലുള്ളത്.
എന്നാൽ കുറ്റക്കാരായ ജയിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഡി.ഐ.ജി ഇടക്കാല റിപ്പോർട്ടിൽ ശ്രമിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ടിറ്റുവിന് മർദ്ദനമേറ്റ വിഷയം പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. റിപ്പോർട്ട് തൃപ്തികരമല്ല. പ്രതികളെ പരിശോധിച്ച ജയിലിലെ മെഡിക്കൽ ഒാഫീസർ പരിക്കേറ്റതായോ മർദ്ദനമേറ്റതായോ സൂചിപ്പിച്ചിട്ടില്ലെന്ന ഡി.ഐ.ജിയുടെ കണ്ടെത്തൽ ഹൈക്കോടതി നിയോഗിച്ച മെഡിക്കൽ ടീമിന്റെ റിപ്പോർട്ടിനു വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പകപോക്കാനാണ് പ്രതികൾ ആരോപണം ഉയർത്തുന്നതെന്ന് ഡി.ഐ.ജി പറഞ്ഞതായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയതിലുള്ള ആശങ്കയും ഹൈക്കോടതി വ്യക്തമാക്കി. ജയിലിലേക്ക് മദ്യം കടത്തിയ സംഭവത്തിൽ ടിറ്റു, ഷിനു, ഉണ്ണിക്കുട്ടൻ, ശ്യാം ശിവൻ എന്നീ പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.