life-mission

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് സഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പൻ എന്നിവർ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്നു വിധി പറയും.

ക്രിസ്മസ് അവധിക്കു മുമ്പ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ ഹർജികളാണിത്. ഭവന പദ്ധതിക്ക് യു.എ.ഇ റെഡ് ക്രസന്റിൽ നിന്ന് ധനസഹായം സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നാരോപിച്ച് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്.ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും സർക്കാർ ഭൂമിയിൽ വീടു നിർമ്മിച്ചു നൽകാൻ കരാർ നൽകുകയാണ് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് കേസിൽ നിന്ന് ഒഴിവാക്കാൻ ലൈഫ് മിഷൻ സി.ഇ.ഒ ഹൈക്കോടതിയെ സമീപിച്ചത്. വിദേശ സഹായ നിയന്ത്രണ നിയമത്തിൽ വിദേശങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാൻ അനുമതിയില്ലാത്തവരുടെ വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവയിൽ കരാർ കമ്പനി ഉൾപ്പെടില്ലെന്നായിരുന്നു യൂണിടാക്കിന്റെ വാദം. ഇവയൊക്കെ അധോലോക ഇടപാടുകളാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും സി.ബി.ഐ വാദിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും ഇടനില നിന്നാണ് പണം സംഘടിപ്പിച്ചു നൽകിയതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനാണ് ഹാജരായത്.