ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - ട്വന്റി 20 സഖ്യത്തിന് ഭൂരിപക്ഷം. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ഭരണപക്ഷമായ എൽ.ഡി.എഫിന് ലഭിച്ചത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഭാഗ്യം തുണച്ചാൽ എൽ.ഡി.എഫിന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കും.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വന്റി 20 വിട്ടുനിന്നതിനെ തുടർന്നാണ് ഒരു വോട്ടിന് എൽ.ഡി.എഫിന് ജയിക്കാനായത്. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ട്വന്റി 20 സഖ്യത്തിലാകുകയായിരുന്നു. ഇന്നലെ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ കൊവിഡ് മൂലം ട്വന്റി 20യുടെ ഒരംഗം എത്തിയില്ല. ക്ഷേമകാര്യം, വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. വികസകാര്യത്തിൽ എൽ.ഡി.എഫിനും ട്വന്റി 20ക്കും രണ്ട് വീതം അംഗങ്ങളാണ്.
യു.ഡി.എഫുമായി സഖ്യത്തിലായത് ട്വന്റി 20യുടെ അവസരവാദത്തിന് തെളിവാണെന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ആരോപിച്ചു.