കൊച്ചി : എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനും ഇലക്ഷനിൽ മത്സരിക്കാനും അനുവാദമുണ്ടെന്നും കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടത്തിലും ഇതിനു വ്യവസ്ഥയുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാർ സ്കൂൾ അദ്ധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനത്തിനു വിലക്കുള്ളത് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കു കൂടി ബാധകമാക്കാത്തത് അനീതിയാണെന്നാരോപിച്ച് അഭിഭാഷകനായ ജിബു പി. തോമസ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ടി. വിജയനാണ് വിശദീകരണം നൽകിയത്.
എയ്ഡഡ് സ്കൂളുകളിലെയും സർക്കാർ സ്കൂളുകളിലെയും സേവന വ്യവസ്ഥകൾ വ്യത്യസ്തമാണ്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റുകൾക്കാണ് നിയമനാധികാരം. എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണം പഠിക്കാൻ നിയോഗിച്ച സമിതി രാഷ്ട്രീയ പ്രവർത്തനം വിലക്കണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ തള്ളിയതാണ്. 1967 മേയ് 29 ലെ സർക്കാർ ഉത്തരവു പ്രകാരമാണ് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് അനുമതി നൽകിയതെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. ഹർജിയിൽ അടുത്ത ദിവസവും വാദം തുടരും.