gold-smaggling

കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി എൻ.ഐ.എ നൽകിയ കുറ്റപത്രത്തിലെ പത്തു സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി വയ്ക്കാൻ കോടതി അനുമതി നൽകി. കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘം ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടപ്രകാരം നൽകിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ എൻ.ഐ.എ കോടതിയുടെ ഉത്തരവ്.

ഇതോടെ പത്തു സാക്ഷികളുടെ വിവരങ്ങളും ഇവർ നൽകിയ മൊഴികളും ഇൗ ഘട്ടത്തിൽ പ്രതിഭാഗത്തിനു പോലും ലഭിക്കില്ല. സാക്ഷികളുടെ വിവരങ്ങളും മൊഴികളും പുറത്തുവരുന്നത് അവരുടെ ജീവനുതന്നെ ഭീഷണിയാകുമെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. സാക്ഷികൾക്ക് നിർഭയം മൊഴി നൽകാനുള്ള അവസരമുണ്ടാകണമെന്ന നിലപാടു സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയശേഷം കേസ് രേഖകൾ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിന് നൽകാനും ഉത്തരവിൽ വ്യക്തമാക്കി. സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, കെ.ടി. റമീസ് തുടങ്ങി 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇവരിൽ മുഖ്യപ്രതിയായിരുന്ന സന്ദീപ് നായർ മാപ്പുസാക്ഷിയായി.