കൊച്ചി: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. വാഴക്കുളം പഞ്ചായത്തിലെ 39കാരനാണ് രോഗബാധ.ജില്ലയിലെ രണ്ടാമത്തെ കേസാണിത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയുടെ ശരീരസ്രവസാമ്പിളികൾ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലും കളമശേരി ഗവ: മെഡിക്കൽ കോളേജിലും പരിശോധിച്ചാണ് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ജില്ലാ ആരോഗ്യ വിഭാഗം പ്രദേശത്ത് സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ.എസ്. ശ്രീദേവി പ്രവർത്തനങ്ങൾ വിലയിരുത്തി.
തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണം
ജില്ലയിൽ 2 ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനും മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ബിന്ദു അറിയിച്ചു.
രോഗലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം എന്നവയാണ് രോഗലക്ഷണങ്ങൾ.
രോഗം പകരുന്ന വിധം
മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗപ്പകർച്ച. രോഗിയുടെ വിസർജ്യങ്ങളിൽ നിന്ന് അതിവേഗം രോഗം പകരും.
പ്രതിരോധ മാർഗങ്ങൾ
* തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.