കളമശേരി : കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭമാരംഭിക്കാൻ സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ യൂണിയനുകളുടെ സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. കളമശേരി ബി.ടി.ആർ ഭവനിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തമായി വില്ക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരത്പെട്രോളിയം കോർപ്പറേഷനിലെ തൊഴിലാളികളുടെ ശമ്പളപരിഷ്ക്കരണ കരാർ 2022 ജൂൺ മുതൽ ദേദഗതി ചെയ്യാനുള്ള അവകാശം മാനേജ്മെന്റിന് നൽകണമെന്ന വ്യവസ്ഥ ബി.പി.സി.എൽ വാങ്ങാൻ പോകുന്ന സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ളതാണ്. സ്വകാര്യവത്കരണ അജണ്ടകൾ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് മാനേജ്മെന്റ് പിൻമാറണം. ഒരു ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുന്ന കൊച്ചി റിഫൈനറി തൊഴിലാളികളുടെ നാലു ദിവസത്തെ ശമ്പളം പിടിച്ചു വയ്ക്കുന്ന നടപടി പിൻവലിക്കണം. നാലു പണിമുടക്കുകളിലായി പിടിച്ചു വച്ച 13 ദിവസത്തെ ശമ്പളം തിരിച്ചു നൽകണം. ഫാക്ട് കാപ്രോലാക്ടം പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അടിയന്തിരമായി 234 പേരെ നിയമിക്കാനുള്ള അനുമതി നൽകണം. ബി.ഇ.എം.എല്ലിന്റെ 26 ശതമാനം ഓഹരി വിറ്റ് സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെള്ളൂർ ന്യൂസ് പ്രിന്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിൽ അടഞ്ഞുകിടക്കുന്ന നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ ആറ് മില്ലുകളും ഉടനെ തുറക്കണം. എച്ച്എംടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തണം. തുടങ്ങിയ കാര്യങ്ങൾ കൺവെൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രപൊതുമേഖലാ കോർഡിനേഷൻ കൺവീനർ എം ജി അജിയുടെ അദ്ധ്യക്ഷത വഹിച്ചു. എസ് ബി രാജു, പി കൃഷ്ണപ്രസാദ്, എം എം ജബ്ബാർ, എസ് ഗിരീഷ്, ഡി രാധാകൃഷ്ണൻ, കെ.കെ അജിത്കുമാർ, എം.എസ് ദിലീപൻ, കെ.ജി വിനോദ് കുമാർ, ടി.പി സുമേഷ്, പി.എ ബാബു, പി.അനുജ, ബി.മനോജ് തുടങ്ങിയവർ സംസാരിച്ചു.