കൊച്ചി : ജില്ല ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 12 കേന്ദ്രങ്ങൾ വഴിയാണ് വിതരണം. സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രി, അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുഷ് കേന്ദ്രം,താലൂക്ക് ആശുപത്രി എന്നിവ വിതരണ കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്.
എറണാകുളം ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,ചെല്ലാനം പ്രാഥമിക ആരോഗ്യ കേന്ദ്രം, എറണാകുളം മെഡിക്കൽ കോളേജ്, ആസ്റ്റർ മെഡിസിറ്റി,കോതമംഗലം മാർ ബസെലിയസ് മെഡിക്കൽ മിഷൻ ആശുപത്രി,കൊലഞ്ചേരി എം. ഒ. എസ്. സി മെഡിക്കൽ കോളേജ്,ജില്ലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രി, ജില്ലാ ഗവണ്മെന്റ് ആയുർവേദ ആശുപത്രി, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിൽ ആണ് വിതരണം നടക്കുക.
ആദ്യ ഘട്ടത്തിൽ ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തത് 60,000 ഓളം പേരാണ്. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. ദിവസേന ഒരു വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്.