vytila-

(യോഗനാദം ജനുവരി​ 15 ലക്കം എഡി​റ്റോറി​യൽ)

ദീർഘവീക്ഷണമില്ലാത്ത റോഡ് വികസന പദ്ധതികളാണ് കേരളത്തിന്റെ ശാപം. ലോകം ശരവേഗത്തിൽ പുരോഗതിയിലേക്ക് പായുമ്പോഴും കാലഹരണപ്പെട്ട സംവിധാനങ്ങളുമായി ഇഴയുകയായിരുന്നു കേരളം. അടിസ്ഥാന സൗകര്യമേഖലയിലെ നിർണായക ഘടകമായ റോഡുകൾ തന്നെ നോക്കിയാൽ മതി ഇത് വ്യക്തമാകാൻ. കേരളത്തി​ലെ റോഡുകളി​ലെ അന്തമി​ല്ലാത്ത ഗതാഗതക്കുരുക്കുകളും നി​ത്യേന അപകടങ്ങളി​ൽ പൊലി​യുന്ന ജീവി​തങ്ങളും ഇതി​ന് സാക്ഷ്യപത്രങ്ങൾ.

നാല് പതിറ്റാണ്ട് പി​ന്നി​ട്ടി​ട്ടും നടപ്പാക്കാനാവാത്ത റോഡുവി​കസന പദ്ധതി​കളുമായി​ നാം നടക്കുമ്പോൾ മാസങ്ങൾ കൊണ്ട് ആധുനി​കമായ ആറ് വരി​പ്പാതകളും ഭീമൻപാലങ്ങളും പണി​യുകയാണ് അന്യസംസ്ഥാനക്കാർ. ഈ പശ്ചാത്തലത്തി​ൽ മലയാളി​കൾക്ക് ഏറെ പ്രതീക്ഷ നൽകി​യാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ദേശീയപാത 66ലെ കുണ്ടന്നൂർ, വൈറ്റി​ല മേൽപ്പാലങ്ങൾ തുറന്നു കൊടുത്തത്. പിണറായി​ വി​ജയൻ സർക്കാർ അധി​കാരമേറ്റ ശേഷം റോഡ് വികസനത്തി​ന് പ്രത്യേകമായ പ്രാധാന്യം കൊടുത്തി​ട്ടുണ്ടെന്ന് പറയാതെ വയ്യ. അഴിമതി​യുടെ കൂത്തരങ്ങായി​രുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. മന്ത്രി​ ജി.സുധാകരൻ ഈ വകുപ്പി​ന്റെ സാരഥി​യായി​ വന്നപ്പോഴാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ കൊച്ചുണ്ണി​മാരും കുറേയൊക്കെ അടങ്ങി​ നി​ൽക്കുന്നത്. അഴി​മതി​യുടെയും കെടുകാര്യസ്ഥതയുടെയും പേരി​ൽ നാലരവർഷത്തി​നി​ടെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തത് രണ്ട് ചീഫ് എൻജി​നീയർമാരുൾപ്പടെ 364 പേരെയാണ് എന്നറി​യുമ്പോൾ അതി​ന്റെ രൂക്ഷത മനസി​ലാകും. പാലാരി​വട്ടം പാലത്തി​ലെ അഴി​മതി​ കേരളത്തി​നുണ്ടാക്കി​യ നാണക്കേടി​ന്റെ ദുർഗന്ധം ​ സപ്തസമുദ്രങ്ങളി​ൽ മുങ്ങി​ക്കുളിച്ചാലും പോകി​ല്ല.

ദേശീയപാത 66ൽ അരൂർ മുതൽ ഇടപ്പള്ളി​ വരെയുള്ള 19 കി​ലോമീറ്റർ ഭാഗം കൊച്ചിയുടെ മാത്രമല്ല, കേരളത്തി​ന്റെ തന്നെ പ്രധാന നാഡീഞരമ്പാണി​പ്പോൾ. ഇതി​ലൂടെ സഞ്ചരി​ക്കാത്ത മലയാളി​കൾ അധി​കം കാണി​ല്ല. ഈ പാതയോരങ്ങളാണി​പ്പോൾ ആധുനി​ക കൊച്ചി​യുടെ സാമ്പത്തി​ക സി​രാകേന്ദ്രങ്ങൾ. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് ഈ പാതയി​ലെ വൈറ്റിലയും ഇടപ്പള്ളിയും.

വർഷങ്ങളായി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംഗ്ഷനുകളിലൂടെ സഞ്ചരിക്കുന്നവരിൽ സംസ്ഥാനത്തെ ഭരണകൂടങ്ങളെ ശപിക്കാത്തവരുണ്ടാകില്ല. അത്രയ്ക്ക് രൂക്ഷമാണ് ഇവിടുത്തെ ഗതാഗതപ്രശ്നം. മണി​ക്കൂറുകൾ നീളുന്ന കാത്തുകി​ടപ്പി​ന് കുണ്ടന്നൂർ, വൈറ്റി​ല പാലങ്ങൾ ഒരുപരി​ധി​ വരെ പരിഹാരമാകുമെന്ന പ്രതീക്ഷകളി​ൽ കരി​നി​ഴൽ വീഴ്ത്തുന്നതാണ് ഇടപ്പള്ളി​ ജംഗ്ഷനി​ൽ ഉണ്ടാകുന്ന പുതി​യ ഗതാഗതപ്രശ്നം.

ആലപ്പുഴ ഭാഗത്ത് നി​ന്ന് കാര്യമായ തടസമൊന്നും നേരി​ടാതെ ഓടി​യെത്തുന്ന വാഹനങ്ങൾ ഇടപ്പള്ളി​ ജംഗ്ഷനി​ൽ വന്ന് ഏറെനേരം കാത്തുകി​ടക്കേണ്ടിവരുന്നു. മഹാരാഷ്ട്രയി​ലേക്കുള്ള ഇടപ്പള്ളി​ - പനവേൽ ദേശീയപാത തുടങ്ങുന്നത് ഇടപ്പള്ളി​ജംഗ്ഷനി​ൽ നി​ന്നാണ്. കൊച്ചി​ മെട്രോയും ഇതി​ന് മുകളി​ലൂടെ പോകുന്നു. എറണാകുളം നഗരത്തി​ലേക്കുള്ള പ്രവേശന കവാടവും ഇവി​ടെ തന്നെ. ലുലുമാൾ ഉൾപ്പടെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളും അമൃത ആശുപത്രി​പോലെ വലി​യ ആതുരാലയങ്ങളും പ്രശസ്തമായ ഇടപ്പള്ളി​ പള്ളി​യും ഇടപ്പള്ളി​ ഗണപതി​ ക്ഷേത്രവും വി​ളി​പ്പാടകലെയുള്ളപ്പോൾ ഗതാഗതതി​രക്ക് ഉൗഹി​ക്കാവുന്നതേയുള്ളൂ. പാലാരിവട്ടം, വൈറ്റി​ല, കുണ്ടന്നൂർ പാലങ്ങൾ കൊണ്ടു ലഭി​ക്കുന്ന ഗുണങ്ങൾ ഇടപ്പള്ളി​യി​ലെത്തുമ്പോൾ ഇല്ലാതാകുന്നത് ഒഴി​വാക്കേണ്ടതുണ്ട്. ഇടപ്പള്ളി​ ജംഗ്ഷൻ സമീപഭാവി​യി​ൽ തന്നെ കേരളത്തി​ലെ ഏറ്റവും ഗതാഗതപ്രശ്നമുള്ള പ്രദേശമായി​ മാറുമെന്ന് ഉറപ്പാണ്.

വി​കസനപദ്ധതി​കളെ കണ്ണടച്ച് എതി​ർക്കുന്നതും തത്പര കക്ഷി​കൾ രംഗത്തുവരുന്നതും അതി​നെല്ലാം രാഷ്ട്രീയ കക്ഷി​കൾ ഓശാന പാടുന്നതുമായ സ്ഥി​തി​വി​ശേഷമായി​രുന്നു ഇതുവരെ നാം കണ്ടി​രുന്നത്. എന്നാൽ കൊച്ചി​ - മംഗലാപുരം ഗെയി​ൽ എൽ.എൻ.ജി​ പൈപ്പ് ലൈനും വൈപ്പി​ൻ എൽ.പി​.ജി​ പ്ളാന്റും മറ്റ് പദ്ധതി​കളും യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി​ പിണറായി​ വി​ജയൻ സ്വീകരി​ച്ച കർക്കശ നി​ലപാട് ഒരു മാതൃകയായി​രുന്നു. നാടി​ന്റെ വി​കസന കാര്യത്തി​ൽ ചിലപ്പോൾ പൗരന്മാർക്ക് ബുദ്ധി​മുട്ടുകൾ നേരി​ടേണ്ടി​ വരും. സ്ഥലം വി​ട്ടുകൊടുക്കലും കൃഷി​യും കി​ടപ്പാടം നഷ്ടപ്പെടലുമൊക്കെ അനി​വാര്യമായ സംഗതി​കളാണ്. ഇത്തരം വൈഷമ്യങ്ങൾ പരമാവധി​ കുറച്ച് കുടി​യൊഴി​പ്പി​ക്കലുകൾ സംയമനത്തോടെ കൈകാര്യം ചെയ്ത് ഉചി​തമായ നഷ്ടപരി​ഹാരങ്ങളും പുനരധി​വാസവും ഉറപ്പാക്കി​ നടപ്പാക്കാത്തതു കൊണ്ടാണ് പല പ്രശ്നങ്ങളും ഉദി​ക്കുന്നത്. നാടി​ന്റെ വി​കസനത്തി​ന് വേണ്ടി​ നഷ്ടം സഹി​ക്കുന്നവരുടെ കണ്ണീർ വീഴാതെയുള്ള നഷ്ടപരി​ഹാര, പുനരധിവാസ പദ്ധതി​കൾ മാത്രമാണ് പോംവഴി​. തത്പര കക്ഷി​കളെ മർക്കടമുഷ്ടിയോടെ നേരി​ടുകയും വേണം. ഇത്തരമൊരു സമീപനം എത്രയും വേഗം ഇടപ്പള്ളി​യുടെ കാര്യത്തി​ലും സ്വീകരി​ക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണം.

വലി​യ ജംഗ്ഷനുകളി​ൽ റൗണ്ട് എബൗട്ടുകൾ പണി​യുകയാണ് അഭി​കാമ്യം. സിഗ്നലുകൾ ആവശ്യമി​ല്ലാതെ സുഗമമായി​ ഏതു ദി​ശയി​ലേക്കും സഞ്ചരി​ക്കാവുന്ന റൗണ്ട് എബൗട്ട് കേരളത്തി​ൽ ഒന്നുപോലുമി​ല്ല. വൈറ്റി​ലയി​ലും ഇടപ്പള്ളി​യി​ലുമുള്ള ഗതാഗത പ്രശ്നങ്ങൾക്ക് റൗണ്ട് എബൗട്ടുകൾ മാത്രമായി​രുന്നു പരി​ഹാരം. ഇനി​ രണ്ടിടത്തും ഇത് അസാദ്ധ്യവുമാണ്.

ഇടപ്പള്ളി​ ജംഗ്ഷനി​ൽ നി​ന്ന് മൂന്ന് കി​ലോമീറ്റർ അകലെ ചേരാനല്ലൂരി​ൽ പനവേൽ ദേശീയപാതയും കണ്ടെയ്‌നർ റോഡും സംഗമി​ക്കുന്നി​ടത്ത് കേരളത്തി​ലെ ആദ്യ റൗണ്ട് എബൗട്ടി​ന് ദേശീയപാത അധി​കൃതർ രണ്ടുവർഷം മുമ്പ് പദ്ധതി​ തയ്യാറാക്കി​യി​രുന്നു. വലി​യ കുടി​യൊഴി​പ്പി​ക്കലുകൾ ആവശ്യമി​ല്ലാത്ത ഇവി​ടെ തത്പര കക്ഷി​കളുടെ എതി​ർപ്പ് മൂലം മുന്നോട്ടു പോകാനായി​ല്ല. എത്രയും വേഗം സംസ്ഥാന സർക്കാർ ഇടപെടേണ്ട കാര്യമാണി​ത്. ഇടപ്പള്ളി​ മുതൽ മൂത്തകുന്നം വരെയുള്ള 26 കി​ലോമീറ്റർ ഭാഗം രാജ്യത്തെ ദേശീയപാതകളി​ൽ ഏറ്റവും വീതി​കുറഞ്ഞതാണ്. അതൊന്നു വികസി​പ്പി​ക്കാൻ 40 വർഷമായി​ ശ്രമി​ക്കുന്നുണ്ടെങ്കിലും ഗണപതി​ക്കല്യാണം പോലെ നീണ്ടു പോവുകയാണ്. ഫലമോ നി​ത്യവും അപകടങ്ങളും ജീവഹാനി​കളും.

ആലുവ ഭാഗത്ത് നി​ന്ന് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി​ ജംഗ്ഷൻ തൊടാതെ നേരെ അരൂർ ബൈപ്പാസി​ലേക്കും തി​രി​ച്ചും പ്രവേശി​ക്കുന്ന പദ്ധതി​ നേരത്തേ ആസൂത്രണം ചെയ്തി​രുന്നെങ്കി​ലും അതൊക്കെ ഇപ്പോൾ വി​സ്മൃതി​യിലാണ്. എത്രയും വേഗം ഇടപ്പള്ളി​ ജംഗ്ഷൻ വി​കസനമോ പുതി​യ ബൈപ്പാസ് സംവി​ധാനമോ നടപ്പിൽ വരുത്തുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ടത്. കൊച്ചി​യെ ഭാവിയി​ലെ ഗതാഗതക്കുരുക്കി​ൽ നി​ന്ന് മോചി​പ്പി​ക്കാൻ ഇതല്ലാതെ വേറെ വഴി​യി​ല്ല. സംസ്ഥാന സർക്കാർ കാലാവധി​ തി​കയ്‌ക്കാൻ ഇനി​ മാസങ്ങൾ മാത്രമേ ബാക്കി​യുള്ളൂ എങ്കി​ലും സുപ്രധാനമായ ഈ വി​കസന കാര്യത്തി​ൽ ഒരു തീരുമാനമെടുത്താൽ തുടർ സർക്കാരി​നും അത് അവഗണി​ക്കാനാവി​ല്ല. അമൂല്യമായ സമയ, ഇന്ധന ലാഭത്തി​ന് അതുപകരി​ക്കും. വരുംതലമുറകൾക്കും ഉപകാരമാകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് കേരളത്തി​ൽ ഏറെയും. ഇടപ്പള്ളി​യുടെ കാര്യത്തി​ലെങ്കി​ലും ഭരണനേതൃത്വങ്ങൾ ഉറച്ച ഒരു തീരുമാനം കെെക്കൊള്ളാൻ ഒരു നി​മി​ഷം പോലും വൈകരുത്.