asset-homes

കൊച്ചി: സ്റ്റുഡന്റ് ഹൗസിംഗ്, സീനിയർ ലിവിംഗ്, അഫോർഡബിൾ ഹൗസിംഗ് എന്നീ പുതിയ മേഖലകളിൽ അസറ്റ് ഹോംസ് പദ്ധതികൾ നടപ്പാക്കും. കൊവിഡ് പ്രതിസന്ധിയിലും 2020ൽ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചി കാക്കനാട്ട് 'ഡൗൺ ടു എർത്ത്" എന്ന പേരിലാണ് കുറഞ്ഞ വിലയിലുള്ള അപ്പാർട്‌മെന്റ് പദ്ധതി നടപ്പാക്കുക. മുതിർന്ന പൗരന്മാർക്കായി യു.എസ്.ടി സ്ഥാപകൻ സാജൻ പിള്ളയ്ക്ക് നിക്ഷേപമുള്ള സീസൺ ടു ലിവിംഗുമായി സഹകരിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപം നടപ്പാക്കുന്ന 360 അപ്പാർട്ട്മെന്റുകളുൾപ്പെട്ട പദ്ധതിയാണ് യംഗ് അറ്റ് ഹാർട്ട്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ അമേരിക്കയിലെ ടോറസ് ഡെവലപ്പേഴ്‌സിന്റെ ടോറസ് ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായാണ് സ്റ്റുഡന്റ്, ബാച്ചിലർ പദ്ധതിയായ അസറ്റ് ഐഡന്റിറ്റി നിർമ്മിക്കുക.

അസറ്റ് ഹോംസിൽ ഖത്തറിലെ വ്യവസായിയും ഇൻകെൽ ഡയറക്ടറും ലോക കേരള സഭാംഗവും നോർക്ക റൂട്ട്സ് അംഗവുമായ സി.വി. റപ്പായി മൂലധനനിക്ഷേപം നടത്തി. അദ്ദേഹത്തെ ഡയറക്ടർ ബോർഡ് അംഗമാക്കി. യംഗ് അറ്റ് ഹാർട്ട് പദ്ധതിയിൽ പ്രാഥമിക ആരോഗ്യസേവനം മുതൽ വിനോദസൗകര്യങ്ങൾ വരെ ലഭിക്കും.

പതിമൂന്നു വർഷത്തിനിടെ 66 പദ്ധതികളാണ് അസറ്റ് ഹോംസ് പൂർത്തീകരിച്ചത്. 19 ഭവനപദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. മികച്ച പ്രകടനത്തിന് ക്രിസിൽ റേറ്റിംഗായ ഡി.എം.ടു പ്ളസ് നിലനിറുത്താനും അസറ്റിന് കഴിഞ്ഞു.

വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് മാനേജിംഗ് പാർടണർ സാജൻ പിള്ള, ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സ് കൺട്രി മാനേജിംഗ് ഡയറക്ടർ (ഇന്ത്യ) അജയ് പ്രസാദ്, സീസൺ ടു സി.ഇ.ഒ അഞ്ജലി നായർ, ക്രിസിൽ എം.എസ്.എം.ഇ സൊലൂഷൻസ് ബിസിനസ് ഹെഡ് ബിനൈഫർ ജഹാനി, അസറ്റ് ഹോംസ് ഡയറക്ടർമാരായ ഡോ.എം.പി. ഹസൻകുഞ്ഞി, സി.വി. റപ്പായി, എൻ. മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.