കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കുന്ന ആലയ് പദ്ധതിയിൽ പെരുമ്പാവൂരിലെ ബംഗാൾ കോളനിയും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻനിർവഹിക്കും.
നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടി സത്യജീത്ത് രാജൻ, ലേബർ കമ്മീഷണർ പ്രണബ്‌ജ്യോതി നാഥ്, അഡീഷണൽ ലേബർ കമ്മിഷണർ കെ. ശ്രീലാൽ എന്നിവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതിയാണ് ആലയ്. ആദ്യഘട്ടമായാണ് കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാൾ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്.
ആലയ് എന്ന പേരിൽ 'ഗസ്റ്റ് വർക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള' എന്നതാണ് പദ്ധതി. 6.5 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള മുറികളും അടുക്കളയും പൊതുവരാന്തയും പൊതുടോയ്‌ലെറ്റുമുൾപ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ലേബർ കമ്മിഷണറേറ്റിന്റെ പോർട്ടൽ മുഖേന കെട്ടിടയുടമകൾക്ക് കെട്ടിട വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് പോർട്ടലിൽ നിന്ന് അനുയോജ്യമായ കെട്ടിടങ്ങൾ തിരഞ്ഞെടുക്കാം. പോർട്ടൽ വഴി 370 ഓളം കെട്ടിടങ്ങൾ എൻറോൾ ചെയ്തിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനും നിരീക്ഷണത്തിനും ആർ.ഡി.ഒയോ സബ് കളക്ടറോ ചെയർമാനായും ജില്ലാ ലേബർ ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളുമായി ത്രിതല കമ്മിറ്റികൾ രൂപീകരിച്ചതായി തൊഴിൽ നൈപുണ്യ വകുപ്പ് അധികൃതർ അറിയിച്ചു.