ആലുവ: വർഷക്കാലത്ത് പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ വീടുകളിൽ വെള്ളം കയറാതിരിക്കാൻ സ്ലൂയിസ് ഗേറ്റ് സ്ഥാപിക്കണമെന്നാവശ്യം ശക്തം. ആലുവ നഗരസഭ അതിർത്തിയിലും കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുമായി താമസിക്കുന്ന 150 ഓളം കുടുംബങ്ങളാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ കനിവ് തേടുന്നത്.
വർഷക്കാലത്ത് പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ തോട്ടുമുഖം തുരുത്തിതോടിലൂടെയാണ് ആലുവ ഈസ്റ്റ്, തോട്ടുമുഖം, എടയപ്പുറം നോർത്ത് ഭാഗങ്ങളിൽ വെള്ളം കയറുന്നത്. തുടർച്ചയായി വർഷക്കാലത്ത് വെള്ളം കയറുന്നതിനാൽ ഈ മേഖലയിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. ഒന്നര കിലോമീറ്റർ നീളമുള്ള തോട്ടിലൂടെ വെള്ളം ഒഴുകി എടയപ്പുറം വടക്കുഭാഗത്ത് തരിശായി കിടക്കുന്ന പാടശേഖരത്തിൽ എത്തൂ. ഇവിടെ ഉയർന്ന പ്രദേശമായതിനാൽ ഒഴുകിപ്പോകാതെ സമീപത്തെ വീടുകളിലേക്ക് കയറും. എല്ലാ വർഷവും ഈ ദുരിത്തിൽ വീട്ടുപകരണങ്ങൾ നശിക്കുകയാണ്.
അതിനാൽ വർഷകാലത്ത് പെരിയാറിൽ നിന്നും വെള്ളം ഒഴുകുന്നത് തടയുവാൻ തോട് ആരംഭിക്കുന്ന ഭാഗത്ത്
സ്ലൂയിസ് ഗേറ്റ് നിർമ്മിണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
ഭീമ ഹർജി നൽകി
തോടിൽ നിന്ന് വെള്ളം പെരിയാറിലേക്ക് ഒഴുകുകയും പെരിയാറിൽ നിന്ന് തിരികെ തോടിലേക്ക് വെള്ളം കയറാതെ തടയാനാകുമെന്നും പ്രദേശവാസികൾ പറയുന്നു. സാമൂഹ്യ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയ്ക്കും ജലസേചന, റവന്യു മന്ത്രിമാർക്കും ഭീമ ഹർജി നൽകിയത്.