ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിന് കുറുകെ മഹിളാലയത്തിന് സമീപം പെരിയാറിലേക്ക് പോകുന്ന തൊണ്ടി കനാലിന് കൈവരികളില്ലാത്തത് അപകടക്കെണിയാകുന്നു. വളരെ താഴ്ചയിൽ പോകുന്ന ഈ കനാലിന് പൊക്കമില്ലാത്ത ചെറിയ ഒരു കലുങ്ക് മാത്രമാണുള്ളത്.
കനാലിന്റെ വലിയ ഒരു ഭാഗം തുറന്ന് കിടക്കുന്നതിനാലും റോഡിന് വീതി കുറവായതും ഏറെ അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം കൈവരിയില്ലാത്ത കനാലിലേക്ക് വീണ് അപകടത്തിൽപ്പെട്ടിരുന്നു. നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് യാത്രക്കാരനെ കരക്കെത്തിച്ചത്. യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. ഇതേതുടർന്ന് നാട്ടുകാർ ഇവിടെ താത്കാലിക സിഗ്നൽ സംവിധാനം ഒരുക്കിയിരിക്കുകയാണ്. കനാലിന് അടിയന്തിരമായി കൈവരി കെട്ടി സുരക്ഷയൊരുക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.