നെടുമ്പാശേരി: പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പാറക്കടവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും കൂട്ടുനിന്നവരും രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിലെ ആറ് പേർ ഇറങ്ങിപ്പോയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം അംഗങ്ങൾ വോട്ട് ചെയ്ത ബാലറ്റ് പേപ്പർ ഇരുമുന്നണികളുടെയും പാർലമെന്ററി പാർട്ടി ലീഡർമാരാണ് ശേഖരിച്ച് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറിയത്. യു.ഡി.എഫിന്റെ ബാലറ്റ് പേപ്പർ ശേഖരിച്ച കെ.വി. ടോമി ബാലറ്റ് പേപ്പർ തുറന്ന് നോക്കിയ ശേഷമാണ് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറിയതെന്നാണ് ആരോപണം. സംഭവ സമയത്ത് ഇതാരും കാര്യമാക്കിയില്ല. പിന്നീട് മൊബൈൽ ദൃശ്യം പരിശോധിച്ചപ്പോഴാണ് ഗൗരവം ബോധ്യമായത്. ബഹിഷ്‌കരണത്തിനു ശേഷം പഞ്ചായത്തിന് പുറത്തു നടന്ന പ്രതിഷേധ യോഗത്തിൽ മെമ്പർമാരായ രാഹുൽ കൃഷ്ണൻ, ജിഷ ശ്യാം, പി.ആർ. രാജേഷ്, ശാന്ത ഉണ്ണികൃഷ്ണൻ, മിനി ജയസൂര്യൻ, ആശ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പും പൂർത്തിയായിട്ടില്ല. ഭരണം തിരിച്ച് പിടിച്ചെങ്കിലും യു.ഡി.എഫിലെ പരസ്പര വിശ്വാസമില്ലായ്മയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.