കാലടി: സംസ്ഥാന സർക്കാരിന്റെ ഭൂപട നിർമ്മാണ പദ്ധതിയോടനുബന്ധിച്ച് മികച്ച പ്രവർത്തനം കാഴ്ചവച്ച എൻജിനിയറിംഗ് കോളേജിനുള്ള പുരസ്‌കാരം ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്‌നോളജി കരസ്ഥമാക്കി. സംസ്ഥാന ഐ.ടി വകുപ്പും എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജി നാഷ്ണൽ സർവീസ് സ്‌കീമും എൻജിനീയറിംഗ് കോളേജുകളിൽ നടപ്പാക്കിയ പദ്ധതിയിൽ ഒ.എസ്.എം മാപ്പിംഗിലൂടെ സർക്കാർ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, ജലസ്രോതസുകൾ, പാടശേഖരങ്ങൾ തുടങ്ങി വിവിധ വിവരങ്ങൾ വിദ്യാർത്ഥികൾ ഭൂപടത്തിൽ രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയതിനാണ് കോളേജിന് അവാർഡ് ലഭിച്ചത്. അവാർഡ് പ്രഖ്യാപന ചടങ്ങിൽ സർവകലാശാല നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ:ജോയ് വർഗ്ഗീസ് വി.എം.അദ്ധ്യക്ഷത വഹിക്കുകയും, ഐ.ടി മിഷൻ ഡയറക്ടർ ഡോ.എസ് .ചിത്ര ഐ.എ.എസ് അവാർഡുകൾ പ്രഖ്യാപിക്കുകയും ചെയ്തു.